പട്‌ന: പെഗാസസ് വിവാദത്തില്‍ എന്‍.ഡി.എയില്‍ ബി.ജെ.പി ഒറ്റപ്പെടുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതിന് പിന്നാലെ
അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച രംഗത്ത്.
”പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുകയും പാര്‍ലമെന്റ് സമ്മേളനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ വിഷയം അന്വേഷിക്കണം. പെഗാസസ് ചോര്‍ത്തല്‍ കേസിന്റെ വസ്തുതകള്‍ കണ്ടെത്താന്‍ ആരാണ് ചാരപ്രവര്‍ത്തനം നടത്തിയതെന്നും അന്വേഷിക്കണം,” മാധ്യമങ്ങളോട് സംസാരിച്ച ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ സ്ഥാപക മേധാവി ജിതന്‍ റാം മാഞ്ചി പറഞ്ഞു.
പെഗാസസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെിയിരുന്നു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ബന്ധമായും അന്വേഷണം വേണമെന്നാണ് നിതീഷ് പറഞ്ഞത്.
പെഗാസസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തീര്‍ച്ചയായും പരിഗണിക്കണമെന്നാണ് നിതീഷ് പറഞ്ഞത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.