ശ്രീനഗര്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കശ്മീരില്‍ ഇറച്ചി വ്യാപാരവും ഇറച്ചിയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും നിരോധിച്ച് പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബി.ജെ.പി ഭരണത്തിലുള്ള കോര്‍പ്പറേഷനാണ് പ്രമേയം പാസാക്കിയത്.
മാര്‍ച്ച് 13 മുതല്‍ 9 ദിവസത്തേക്കാണ് ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബി.ജെ.പി കൗണ്‍സിലറായ പ്രമോദ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ മേയറായ ചന്ദന്‍ മോഹന്‍ ഗുപ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘ജമ്മു കശ്മീര്‍ ക്ഷേത്രങ്ങളുടെ നഗരമാണ്. ചരിത്രപരമായി തന്നെ മൃഗങ്ങളെ ഇറച്ചിയ്ക്കായി കശാപ്പ് ചെയ്യുന്നത് ഇവിടെ അനുവദനീയമല്ല. ഇനി നവരാത്രി ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയും മറ്റ് സമുദായങ്ങളിലുള്ളവരുടെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമയമാണിത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദുക്കള്‍ ക്ഷേത്രദര്‍ശനത്തിനായി പുറത്തേക്ക് പോകുമ്പോള്‍ മൃഗങ്ങളുടെ മാംസങ്ങള്‍ കടകള്‍ക്കു മുന്നില്‍ കിടക്കുന്നതു കാണാന്‍ കഴിയില്ല. അതിനാലാണ് ഈ പ്രമേയം പാസാക്കുന്നത്. ഉടന്‍ തന്നെ നിയമം പ്രാബല്യത്തിലാക്കുകയും ചെയ്യും,’ മേയര്‍ പറഞ്ഞു.
അതേസമയം കോര്‍പ്പറേഷന്‍ തീരുമാനത്തിനെതിരെ പ്രദേശത്തെ ഇറച്ചി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണെന്നും 9 ദിവസത്തോളം കടകളടച്ചിടുന്നത് കുടുംബത്തെ പട്ടിണിയിലാക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
കൃത്യമായ നഷ്ടപരിഹാരം നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ തയ്യാറാണെങ്കില്‍ 9 അല്ല പതിനെട്ട് ദിവസം വേണമെങ്കിലും കടകള്‍ പൂട്ടിയിടാമെന്നും വ്യാപാരികള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക