00:00 | 00:00
ദേ ഷാരുഖ് ഖാനും തുപ്പി! | SHAH RUKH KHAN | Trollodu Troll
അനുഷ ആന്‍ഡ്രൂസ്
2022 Feb 07, 02:47 pm
2022 Feb 07, 02:47 pm

ഇന്നലെ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ വേദനയിലായിരുന്നു രാജ്യം. അവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനും നിരവധി പ്രമുഖരാണ് എത്തിയത്. അക്കൂട്ടത്തില്‍ സംഘികളുടെ സ്ഥിരം വേട്ട മൃഗമായ ഷാരുഖ് ഖാനും എത്തി. അദ്ദേഹം ലതാ മങ്കേഷ്‌കറിന്റെ കാല് തൊട്ട് പ്രാര്‍ത്ഥിച്ച് ദുആ ചെയ്ത് വിശ്വാസ പ്രകാരം ഊതിയ ഉടനെ തന്നെ, ‘ഷാരുഖ് ഖാന്‍ എന്ന മുസ്‌ലിം ലതാ മങ്കേഷ്‌കര്‍ എന്ന ഹിന്ദുവിന്റെ മൃതദേഹത്തില്‍ തുപ്പി,’ എന്ന് പറഞ്ഞ് സംഘിക്കൂട്ടം കലിതുള്ളി ഇറങ്ങി.

 

ഹരിയാനയിലെ ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ സംസ്ഥാന ചുമതലയുണ്ട് എന്ന് അവകാശപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഷാരുഖ് ഖാന്‍ ദുആ ചൊല്ലുന്ന വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട്, ‘അയാള്‍ തുപ്പിയോ’ എന്ന് ചോദിച്ചത്. പിന്നാലെ അതേറ്റെടുത്ത ഒരുപാട് സംഘികള്‍ ‘തുപ്പി’ എന്ന് പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ട് ആഘോഷിച്ചു. എന്തായാലും ബി.ജെ.പിയുടെ ഐ.ടി സെല്‍ ആകെ ഇളകിയിട്ടുണ്ട്.

ഷാരുഖ് ഖാനെതിരെയുള്ള സംഘപരിവാര്‍ വേട്ട ഇതാദ്യമായിട്ടല്ല. നേരത്തെ ഗുജറാത്തിലെ വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരുഖ് ഖാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായി ജനക്കൂട്ടം തടിച്ചുകൂടി. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷങ്ങളുണ്ടാവുകയും, ഒരാള്‍ മരിക്കുകയും, രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അന്നത്തെ ആ സംഭവത്തെ കുറിച്ച് ഷാരുഖ് ഖാന്‍ വലിയ ഖേദം പ്രകടിപ്പിച്ചിരുന്നു.

 

പക്ഷെ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ ഈ സംഭവത്തെ കുറിച്ച് നല്‍കിയ മറുപടി ‘ദാവൂദ് ഇബ്രാഹിം തെരുവില്‍ വന്നാല്‍, അവനെ കാണാന്‍ ജനക്കൂട്ടമുണ്ടാകും… ജനക്കൂട്ടത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രീതി അളക്കാന്‍ കഴിയില്ല,’ എന്നായിരുന്നു.
പിന്നീട് ഇതേ വ്യക്തി തന്നെ, ‘ഇന്ത്യയിലാണെങ്കിലും, ഷാരൂഖിന്റെ ആത്മാവ് പാകിസ്ഥാനിലാണ്,’ എന്ന് ട്വീറ്റ് ചെയ്യുകയും അതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഈയടുത്ത കാലത്ത് ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ കോലാഹലങ്ങള്‍ നാം കണ്ടതാണല്ലോ. ബി.ജെ.പി നേതാക്കള്‍ക്കും വലത് മാധ്യമങ്ങള്‍ക്കുമൊക്കെ അതൊരു ചാകരയായിരുന്നു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ പുറത്തുവന്നപ്പോ ആ ഉത്സാഹമൊന്നും പിന്നെ കണ്ടതുമില്ല. അതേ സമയം തന്നെ ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ ആറോളം കര്‍ഷകരെ കാറ് കയറ്റിക്കൊന്നപ്പോഴും മാധ്യമങ്ങള്‍ക്ക് ആ വാര്‍ത്തയില്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല.

സിനിമ എക്കാലവും ജാതി, മതം, വര്‍ഗം എന്നിവക്കൊക്കെ അതീതമാണ്. എല്ലാ തരം പ്രേക്ഷകരേയും സിനിമക്കാവശ്യമുണ്ട്. അതുകൊണ്ട് ഷാരുഖ് ഖാനിലെ ഖാനിനതിരെയുള്ള ഈ വേട്ടയാടല്‍ ഒരിക്കലും സമ്മതിച്ചുകൊടുക്കാന്‍ കഴിയാത്തതാണ്. ഇസ്‌ലാമായതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന വ്യക്തികള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ആ സംസാരിക്കുന്നവരെ പിടിച്ച് ആ മതത്തിന്റെ വിഹിതം പറ്റുന്നവര്‍ എന്ന് മുദ്രക്കുത്തി ജനങ്ങളെ ഇസ്‌ലാമോഫോബിക്ക് ആക്കുന്ന സാഹചര്യമാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

ഓരോരുത്തര്‍ക്കും അവരവരുടെ രീതികളില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പക്ഷെ എന്തോ അതൊന്നും കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള സമയം സംഘപരിവാറിനില്ല.


Content Highlight:  BJP leader asked if Shah Rukh Khan ‘spat’ on Lata Mangeshkar’s dead body. BJP spreading muslim hate

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.