കാസര്‍ഗോഡ്: പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ വീണ്ടും ഉപരോധിച്ചു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസാണ് സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി. മണികണ്ഠ റൈ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.
കുമ്പളയിലെ സംഘടനാ വിഷയം, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോള്‍ കാസര്‍ഗോഡുണ്ടായ ഉപരോധത്തിന് കാരണമായത്.
കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രധാനമായും പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ആവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കുള്ള സി.പി.ഐ.എം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കിയത് ബി.ജെ.പി നേതാക്കളായ കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, മണികണ്ഠ റൈ എന്നിവരാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
നടപടി ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പാലിച്ചില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഘടനാ പ്രശ്‌നങ്ങളില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ കോര്‍ കമ്മിറ്റി മീറ്റിങ്ങില്‍ തീരുമാനമാകുമെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനാലാണ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച താളിപ്പടുപ്പിലെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാസര്‍ഗോഡ് വന്‍ തിരിച്ചടിയാണുണ്ടായത്. സിറ്റിങ് സീറ്റ് നഷ്ടമായ ബി.ജെ.പി ഒരിടത്ത് മാത്രമാണ് ജയിച്ചത്.
കുമ്പള ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ പേര്‍വാടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് സി.പി.ഐ.എം അംഗമായ എസ്. കൊഗ്ഗു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ.എമ്മുമായുള്ള ബി.ജെ.പി ബന്ധത്തെ എതിര്‍ത്തിരുന്ന മുരളീധര യാദവയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.
61 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 179 വോട്ടുകളാണ് ഈ വാര്‍ഡില്‍ ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 80 വോട്ട് കൂടി 675 വോട്ടാണ് സി.പി.ഐ.എമ്മിന് ഇവിടെ ലഭിച്ചത്.