പട്‌ന: സച്ചിന്‍- സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബി.ജെ.പി-ജെ.ഡി.യു സഖ്യം സൂപ്പര്‍ഹിറ്റാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബീഹാറില്‍ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിട്ടതിന് പിന്നാലെ ജെ.ഡി.യുവും ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ ചെറിയ സ്വരച്ചേര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിനെയും ബി.ജെ.പി-ജെ.ഡി.യു സഖ്യത്തെയും പ്രകീര്‍ത്തിച്ച് രാജ്‌നാഥ് സിങ് രംഗത്തെത്തിയത്. നിതീഷ് കുമാറിന് നേരെ ആര്‍ക്കും അഴിമതി ആരോപിച്ച് വിരല്‍ ചൂണ്ടാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.
ബീഹാറിലെ പതിനഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ ആര്‍ക്കും സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഒക്ടോബര്‍ 28ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബഗല്‍പൂരില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് വെള്ളം, വൈദ്യുതി, റോഡ്, തുടങ്ങിയവ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിന് വേണ്ടി നിതീഷ് കുമാര്‍ എല്ലാം ചെയ്തുവെന്നല്ല താന്‍ അവകാശപ്പെടുന്നതെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് തന്നെ വിലയിരുത്താമെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷേ ആര്‍ക്കും മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.
എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് വിട്ടു പോയ ചിരാഗ് പാസ്വാന്‍ തുടരെ തുടരെ ജെ.ഡി.യു മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സഖ്യത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബി.ജെ.പിക്കുണ്ട്.
അതേസമയം ബി.ജെ.പിയും ജെ.ഡി.യുവും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ബീഹാര്‍ വികസനത്തില്‍ പിന്നാക്കം പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറിലെ പ്രതിശീര്‍ഷ വരുമാനവും ദേശീയ ശരാശരിക്ക് താഴെയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിച്ചുവെന്ന അവകാശപ്പെടുമ്പോഴും ബീഹാറിലെ സാക്ഷരത നിരക്ക് 52.47 ശതമാനം മാത്രമാണ്.