ഇത് കൊവിഡ് കാലത്തെ പകല്‍ക്കൊള്ള; വിമാനത്താവളക്കച്ചവടത്തിലൂടെ ബി.ജെ.പി നടത്തുന്നത് കോടികളുടെ അഴിമതി
Discourse
ഇത് കൊവിഡ് കാലത്തെ പകല്‍ക്കൊള്ള; വിമാനത്താവളക്കച്ചവടത്തിലൂടെ ബി.ജെ.പി നടത്തുന്നത് കോടികളുടെ അഴിമതി
കടകംപള്ളി സുരേന്ദ്രന്‍
Thursday, 20th August 2020, 4:50 pm

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുള്ള കേന്ദ്ര തീരുമാനം വിവാദമാവുകയാണ്. കേന്ദ്രം നേരത്തെ സംസ്ഥാന സര്‍ക്കാറിന് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണിതെന്നും കേന്ദ്ര തീരുമാനത്തിനെതിരെ നിയമപരമായി പോരാടുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണ് എന്ന നിലപാടാണ് പ്രതിപക്ഷവും മുന്നോട്ടുവെച്ചിട്ടുള്ളത്.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം അന്‍പത് വര്‍ഷത്തേക്ക് അദാനിക്ക് തീറെഴുതി നല്‍കുന്നതിനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന ഒന്നാണ്. കൊവിഡിന്റെ മറവില്‍ നടക്കുന്ന ഒരു വലിയ പകല്‍ക്കൊള്ളയായിട്ടു വേണം ഈ തീരുമാനത്തെ വിലയിരുത്താന്‍.

സ്വാതന്ത്ര്യലബ്ധിക്കും 12 വര്‍ഷം മുമ്പ് 1935ലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ വിമാനത്താവളവുമാണ് തിരുവനന്തപുരം. ഇത്തരത്തില്‍ ചരിത്രത്തിന്റെ ഭാഗമായ ഒരു വിമാനത്താവളത്തെയാണ് ഒരു മനസാക്ഷിക്കുത്തും കൂടാതെ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റഴിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 170 കോടി രൂപയാണ് ഈ വിമാനത്താവളം ഒരു വര്‍ഷം ശരാശരി ലാഭമായി ഉണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിമാനത്താവളക്കച്ചവടത്തിന് പിന്നില്‍ ബി.ജെ.പി കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്.

വിമാനത്താവളത്തിന് നേരത്തെയുണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഘട്ടങ്ങളിലായി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുള്ളതാണ്. നിലവില്‍ ഇപ്പോള്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇത് കൂടാതെ ഇപ്പോള്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായുള്ള റണ്‍വേ വിപുലീകരിക്കുന്നതിന് വേണ്ടി 18 ഏക്കര്‍ സ്ഥലം പുതുതായി വാങ്ങി നല്‍കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയുമാണ്. ഈ ഭൂമിയെല്ലാം അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വില്‍ക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെ നാടിനെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇതിലേറ്റവും ശ്രദ്ധേയമായ ഒരു സംഗതി എന്നത് പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിന് വേണ്ടി 600 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇപ്പോള്‍ നീക്കി വെച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഈ വില്‍പന എന്നത് അങ്ങേയറ്റം ഖേദകരമാണ്. ഒരു പകല്‍ക്കൊള്ളയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല, ആയിരക്കണക്കിന് വിമാനത്താവള ജീവനക്കാരെയും അവരുടെ ജീവിതത്തെയും ഭാവിയെയും അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന് ചരിത്രപരമായ നിരവധി പ്രത്യേകതകളുമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് സ്ഥാപിച്ച വിമാനത്താവളമാണത്. ആ ചരിത്രപരമായ പ്രാധാന്യം പോലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് നമുക്ക് മനസ്സിലാകുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടുദിവസം ഘോഷയാത്ര കടന്നുപോകുന്നത് ഈ വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെയാണ്. 1949 ജൂലൈ ഒന്നാം തിയ്യതി അന്നത്തെ തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ആറാട്ടുഘോഷ യാത്ര റണ്‍വേയിലൂടെ കടന്നുപോകുന്നത്. സ്വകാര്യവത്കരണം വരുന്നതോടുകൂടി സ്വാഭാവികമായും ആചാരപരമായ ഈ ഘോഷയാത്രയും ഭാവിയില്‍ തടസ്സപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ തലസ്ഥാന നഗരത്തിന്റെ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും അഭിമാനമായ ഈ വിമാനത്താവളത്തെ സ്വകാര്യ മുതലാളിയായ അദാനിക്ക് വില്‍പന നടത്തുന്നതിന് വേണ്ടിയുള്ള കേന്ദ്ര തീരുമാനം അപലപനീയമാണ്.

ഒരു കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തങ്ങള്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. നിലവില്‍ രണ്ടു വിമാനത്താവളങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള കമ്പനികളാണ് നടത്തുന്നത്. സിയാലും കിയാലും. രണ്ടും വളരെ ലാഭകരമായി മെച്ചപ്പെട്ട തരത്തില്‍ നടന്നുവരുന്നുമുണ്ട്.

ഒരു യാത്രക്കാരന് 168 രൂപയാണ് ടെന്ററില്‍ അദാനി ക്വോട്ട് ചെയ്തത്. അതേ സമയം സംസ്ഥാന സര്‍ക്കാറിന്റെ കമ്പനി ക്വോട്ട് ചെയ്തത് 135 രൂപയും. ഇരുകക്ഷികളും ക്വോട്ട് ചെയ്ത തുകയില്‍ കേവലം 10 ശതമാനം മാത്രം വ്യത്യാസമാണ് ഇവിടെയുള്ളത്. ഈ ന്യായം പറഞ്ഞുകൊണ്ടാണ് അദാനിക്ക് കരാറുറപ്പിക്കുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നത്. എന്നാല്‍ അദാനി ക്വോട്ട് ചെയ്ത അതേ തുക തന്നെ നല്‍കാനുള്ള നടപടി സ്വീകരിക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും കേന്ദ്രം അത് ചെവിക്കൊള്ളാതിരിക്കുകയാണ് ചെയ്തത്.

രാജ്യത്ത് കൊവിഡിന്റെ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുബന്ധ പ്രശ്‌നങ്ങളും നേരിടുമ്പോള്‍ അതിനെക്കുറിച്ചൊന്നും തീരമാനങ്ങളെടുക്കാന്‍ സമയമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ പെട്ടന്ന് തന്നെ മീറ്റിംഗ് വിളിച്ച് തിരുവനന്തപുരം അടക്കമുള്ള മൂന്ന് വിമാനത്താവളങ്ങള്‍ അടുത്ത 50 വര്‍ഷത്തേക്ക് അദാനിയെ ഏല്‍പ്പിക്കുന്നതിന് വേണ്ടി എടുത്ത തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. സംസ്ഥാനമാകെ കക്ഷി രാഷ്ട്രീയ വ്യത്യാസത്തിനതീതമായി ഈ കൊള്ളയ്‌ക്കെതിരെ അണിനിരക്കണം.