ന്യൂദല്‍ഹി: ഗുജറാത്തിലെയും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെയും തെരഞ്ഞെടുപ്പ് പരാജയം ഭയന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്ന് ആം ആദ്മി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ.
ബി.ജെ.പി നേതാവും ദല്‍ഹി എം.പിയുമായ മനോജ് തിവാരിക്ക് അതില്‍ പങ്കുണ്ടെന്നും മനീഷ് സിസോദിയ ആരോപിച്ചു.
എന്നാല്‍, ഇത്തരം നിസാര രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ട്ടി ഭയപ്പെടുന്നില്ലെന്നും, അവരുടെ ഗുണ്ടായിസത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സിസോദിയ പറഞ്ഞു.
‘ഗുജറാത്ത്, എം.സി.ഡി തെരഞ്ഞെടുപ്പുകളിലെ തോല്‍വി ഭയം കാരണം അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണ്. അവരുടെ എം.പി മനോജ് തിവാരി കെജ്‌രിവാളിനെ ആക്രമിക്കാന്‍ തന്റെ ഗുണ്ടകളോട് പരസ്യമായി ആവശ്യപ്പെടുന്നു. അദ്ദേഹം പൂര്‍ണമായ ആസൂത്രണം നടത്തി. അവരുടെ നിസാര രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ട്ടി ഭയപ്പെടുന്നില്ല. അവരുടെ ഗുണ്ടായിസത്തിന് ജനങ്ങള്‍ മറുപടി നല്‍കും’ മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ അഴിമതിയും ‘ടിക്കറ്റ് വില്‍പ്പനയും’ അടുത്തിടെ എ.എ.പിക്കെതിരെ ബി.ജെ.പി ആരോപണങ്ങളായി ഉന്നയിച്ചിരുന്നു. കെജ്‌രിവാളിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തിവാരിയുടെ ട്വീറ്റുകള്‍ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വന്നത്.
‘അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. തുടര്‍ച്ചയായ അഴിമതി, ‘ടിക്കറ്റ് വില്‍പ്പന’, ബലാത്സംഗ പ്രതികളുമായുള്ള സൗഹൃദം, ജയിലിലെ മസാജ് എന്നിവ കാരണം എ.എ.പി പ്രവര്‍ത്തകര്‍ രോഷാകുലരാണ്. അവരുടെ എം.എല്‍.എമാരും മര്‍ദ്ദിക്കപ്പെടുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രിക്ക് അത് സംഭവിക്കാതിരിക്കട്ടെ,’ എന്നായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.
അതേസമയം, കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്, വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെ വീഡിയോയോ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, അത് ഫിസിയോ തെറാപ്പിയാണ്. മസാജോ വി.ഐ.പി. പരിഗണനയോ അല്ലെന്നാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് എ.എ.പി വില്‍ക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് മുന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ ചിത്രീകരിച്ച് വീഡിയോ ബി.ജെ.പി പുറത്തുവിട്ടിരുന്നു.
ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള ഈ ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ഡിസംബര്‍ നാലിനാണ് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുക.