കണ്ണൂര്‍: ശബരിമല സമരം അവസാനിപ്പിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. “സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല, അങ്ങനെ ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും” ശ്രീധരന്‍പിള്ള പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരെന്ന് മാധ്യമങ്ങള്‍ എഴുതിയത് മൗഢ്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബംഗാളിലും ത്രിപുരയില്‍ സി.പി.ഐ.എമ്മിന് സംഭവിച്ചത് കേരളത്തിലും നടക്കാന്‍ പോകുന്നു എന്ന നല്ല സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. അതിനിടെ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ മിണ്ടാന്‍ ആരുമില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. “കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല” എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി. മുഖ്യമന്ത്രി വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് വരേണ്ടതായിരുന്നു. എന്‍.എസ്.എസിനോട് വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ എന്‍.എസ്.എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല. ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് എന്‍.എസ്.എസ് അടക്കമുള്ളവര്‍ക്കെതിരെ യോഗത്തില്‍ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചിരുന്നു.