ചെന്നൈ: നടന്‍ വിജയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ തുടരുന്നു. വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം.
നേരത്തെ ബി.ജെ.പി ഇതേ ആവശ്യം ഉന്നയിച്ചിട്ടില്ല. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജ് ആരാധകകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ഇതേ ആവശ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ 16 ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വിജയ് ചിത്രത്തിന്റെ ചിത്രീകരണം ഇവിടെ ആരംഭിക്കുന്നത് വരെ ഉന്നയിക്കാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് വ്യക്തിവിരോധം തീര്‍ക്കുന്നതിന് വേണ്ടിയാണെന്ന് വിജയ് ആരാധകര്‍ ആരോപിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 16 ചിത്രങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ഇല്ലാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ യുക്തിയെ ഫെഫ്‌സി അദ്ധ്യക്ഷന്‍ ആര്‍.കെ ശെല്‍വമണി ചോദ്യം ചെയ്തു. ഇത്തരം പ്രക്ഷോഭങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം കൊണ്ട് പോകുന്നതിന് താരങ്ങളെ പ്രേരിപ്പിക്കും. ഇത് തമിഴ് സിനിമയില്‍ ജോലിയെടുക്കുന്നവരുടെ ജീവിത വരുമാനത്തെ തകര്‍ക്കുന്നതാണെന്നും ശെല്‍വമണി പറഞ്ഞു.