കോഴിക്കോട്: പാല ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും പ്രസ്താവന പിന്‍വലിക്കാന്‍ ബിഷപ്പ് തയ്യാറാവണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
നിര്‍ബന്ധിച്ചുള്ളതോ മറ്റ് വഞ്ചനകളിലൂടെയോ മതപരിവര്‍ത്തനം ഇസ്‌ലാമില്‍ നടക്കുന്നില്ല. അത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മതത്തിലേക്ക് വരാന്‍ സൗകര്യമുള്ള ആളുകള്‍ക്ക് വരാം അല്ലാത്തവര്‍ക്ക് പോകാം എന്നതാണ് ഇസ്‌ലാമിലെ നയം. പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.
ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. മുസ് ലിം സമുദായത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തി അത് പിന്‍വലിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ലെന്നും അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കാന്തപുരം പറഞ്ഞു.
ലവ് ജിഹാദ് എന്നൊന്ന് ഇസ്‌ലാം മതത്തില്‍ ഇല്ല. വ്യക്തികള്‍ തെറ്റ് ചെയ്യുന്നുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.