അച്ഛൻ മരിച്ച് 24 വർഷങ്ങൾക്ക് ശേഷം ഒരു സിനിമ ഇറങ്ങുന്നത് വലിയ സന്തോഷമാണ്; മണിച്ചിത്രത്താഴിനെ കുറിച്ച് ബിനു പപ്പു
Entertainment
അച്ഛൻ മരിച്ച് 24 വർഷങ്ങൾക്ക് ശേഷം ഒരു സിനിമ ഇറങ്ങുന്നത് വലിയ സന്തോഷമാണ്; മണിച്ചിത്രത്താഴിനെ കുറിച്ച് ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 2:53 pm

ദേവദൂതന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു മലയാള ചിത്രം റീറിലീസായി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഇന്ന് 4kറീ മാസ്റ്റേർഡ് വേർഷനായി തിയേറ്ററുകളിൽ എത്തി.

ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ചിത്രത്തിൽ കുതിരവട്ടം പപ്പുവും ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ചിരുന്നു.

 

കുതിരവട്ടം പപ്പു മരിച്ച് 24 വർഷങ്ങൾക്ക് ശേഷമാണ് മണിച്ചിത്രത്താഴ് റീ റീലീസ് ആയിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു സംസാരിക്കുകയാണ്.

ഇത് വളരെ സ്പെഷ്യലായ ഫീലിങ്ങാണെന്നും അച്ഛനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബിനു പപ്പു പറയുന്നു. ഒരുപാട് എൻജോയ് ചെയ്തിട്ടാണ് ചിത്രം കണ്ടതെന്നും എല്ലാവരും തിയേറ്ററിൽ വന്ന് തന്നെ കാണണമെന്നും ബിനു പപ്പു മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് വളരെ സ്പെഷ്യൽ ഫീലിങ്ങാണ്. കാരണം അച്ഛൻ മരിച്ച് 24 വർഷങ്ങൾക്ക് ശേഷം ഒരു സിനിമ ഇറങ്ങുകയെന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും അച്ഛനെ കാണാൻ പറ്റി. ഒരുപാട് സന്തോഷം.

ഞാൻ നാലാം ക്ലാസിൽ എങ്ങാനും പഠിക്കുമ്പോഴാണ് മണിച്ചിത്രത്താഴ് ആദ്യമായി കാണുന്നത്. പക്ഷെ അന്നിങ്ങനെ എൻജോയ് ചെയ്തിട്ടല്ല കണ്ടത്. പക്ഷെ ഇന്നിപ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഫാസിൽ സാറിനോടാണ് ഞാൻ നന്ദി പറയുന്നത്.

തീർച്ചയായും ഈ ചിത്രം തിയേറ്ററിൽ തന്നെ വന്ന് കാണണം. കാരണം ഇതൊരു മികച്ച എക്സ്പീരിയൻസാണ്. എല്ലാവരും തിയേറ്ററിൽ വന്ന് കാണണം. ഒരു ഫുൾ സ്‌ക്രീനിൽ ഇത് വീണ്ടും കാണുന്നത് അടിപൊളിയല്ലേ,’ബിനു പപ്പു പറയുന്നു.

 

Content Highlight: Binu Pappu Talk About Manichithrathazh Rerelease