തിരുവനന്തപുരം: 1964ലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് അനിവാര്യമാണെന്ന സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദത്തിനെതിരെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രണ്ട് ധ്രുവങ്ങളില്‍ നടത്തിയ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സ്വാധീനം മൂലമാണ് പിളര്‍പ്പ് സംഭവിച്ചതെന്നും ബിനോയ് വിശ്വം മലയാള മനോരമയിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ടിക്കുള്ളില്‍ ആശയ സമരം നടക്കുമ്പോഴും പ്രസ്ഥാനത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കാനുള്ള സംഘടനാ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകതയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ വിപ്ലവത്തിന്റെ ശരിയായ പാതയെച്ചൊല്ലിയുള്ള തര്‍ക്കമാണ് 1964ലെ ഭിന്നിപ്പില്‍ കലാശിച്ചത്. സത്യത്തില്‍, വിപ്ലവപാതയുടെ ശരിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭകാലം മുതലേ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇന്ത്യന്‍ വിപ്ലവത്തിന്റേത് സോവിയറ്റ് മാര്‍ഗമാണോ ചൈനീസ് മാര്‍ഗമാണോ എന്ന കാര്യത്തിലും തീപാറുന്ന അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും പക്ഷേ, പാര്‍ട്ടി ഭിന്നിച്ചില്ല. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാമിടയില്‍ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്ത് പാര്‍ട്ടി മുന്നേറി. 1952ലെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറി,’ ബിനോയ് വിശ്വം പറഞ്ഞു.
പിളര്‍പ്പുണ്ടായതുകൊണ്ടാണ് പാര്‍ട്ടി പ്രസക്തവും സജീവവുമായി നിലനില്‍ക്കുന്നതെന്നായിരുന്നു സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പിളര്‍പ്പ് ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിളര്‍പ്പിനെ മഹത്വവത്കരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം കൊണ്ട് യെച്ചൂരി പറയുന്നതാണെന്നാണ് ബിനോയ് വിശ്വം പറയുന്നത്.
ഒരു പരാജയം സംഭവിച്ച് കഴിഞ്ഞാല്‍ ഭരണ വര്‍ഗ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാന്‍ കഴിയുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതു പറ്റില്ലെന്നുമുള്ള യെച്ചൂരിയുടെ വാദം വിചിത്രമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു യെച്ചൂരി പറഞ്ഞത്.
‘സി.പി.ഐ.എം രൂപീകരിച്ചില്ലെങ്കില്‍, അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവര്‍ഗ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകള്‍ക്ക് അതു പറ്റില്ല. പിളര്‍പ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുകയെന്നതാണ് ഇപ്പോള്‍ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,’ യെച്ചൂരി പറഞ്ഞു.
അതേസമയം ഭിന്നിച്ച് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ചരിത്രം പോലും വെവ്വേറെയാകണമെന്നായിരുന്ന സി.പി.ഐ.എമ്മിന്റെ തീരുമാനത്തിന്റെ ഫലമായാണ് താഷ്‌കന്റില്‍ വെച്ച് നടന്നയോഗത്തെ രൂപീകരണ തീയ്യതിയാക്കി പാര്‍ട്ടി മാറ്റിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ഭിന്നിച്ച് കഴിഞ്ഞാല്‍ പിന്നെയെല്ലാം വെവ്വേറെയാകണം. നയവും പരിപാടിയും മാത്രമല്ല, ചരിത്രം പോലും വെവ്വേറെയാകണമെന്ന് സി.പി.ഐ.എം തീരുമാനിച്ചതിന്റെ ഫലമായാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനനതീയതി 1925 എന്നത് മാറ്റിക്കുറിക്കുവാന്‍ അവര്‍ തയ്യാറായത്. 1920 ഒക്ടോബര്‍ എന്ന പുതിയ തീയ്യതിയും അവര്‍ കണ്ടെത്തി അതുപ്രകാരമാണ് താഷ്‌കന്റില്‍ കൂടിയ യോഗത്തിന്റെ നൂറാം വാര്‍ഷികം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികമായി സി.പി.ഐ.എം ആഘോഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.ഐക്കും സി.പി.ഐ.എമ്മിനുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം.എന്‍ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി. അന്ന് രൂപീകരണയോഗത്തില്‍ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ.എമ്മുകാര്‍ കണക്കാക്കുന്നത്.
1925ല്‍ ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വെച്ച് രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ കണക്കാക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക