വ്യക്തിപരമായ കാര്യങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കാൻ അനുവദിക്കാറില്ലെന്ന് പറയുകയാണ് ബിന്ദു പണിക്കർ. ഭർത്താവിന്റെ മരണത്തിന് ശേഷം താൻ വളരെ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയിരുന്നതെന്നും ഒരിക്കലും ആ വിഷമങ്ങൾ സിനിമയെ ബാധിച്ചിട്ടില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഏത് കഥാപാത്രം ലഭിച്ചാലും പറ്റാവുന്നത്ര ആ കഥാപാത്രവുമായി ഇൻവോൾവ്ഡ് ആകും. ഒരു ആർടിസ്റ്റിന്റെ കഴിവിന്റെ പരമാവധി എപ്പോഴും അവർ ചെയ്യുന്ന കഥാപാത്രത്തിൽ ഉണ്ടാകും. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറില്ല. അങ്ങനെ നോക്കിയാൽ നമുക്ക് ഒരു സിനിമയും നടക്കില്ല, സിനിമ മാത്രമല്ല ഒരു ജോലിയും നടക്കില്ല.
ആ വേർപാടിന്റെ സമയത്താണ് ഞാൻ ചോക്ലറ്റ് എന്ന ചിത്രം ചെയ്യുന്നത്. അത് ഒരു കോമഡി സീൻ ആണ്. എനിക്ക് വേണമെങ്കിൽ അഭിനയിക്കാം അഭിനയിക്കാതിരിക്കാം. ഞാൻ ആകെ തകർന്നിരുന്ന സമയമാണ്. പക്ഷെ ഞാൻ ചിന്തിച്ചു നാളെ എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സിനിമയാണ് ഒരു ജോലിയായിട്ടുള്ളത്.
സിനിമയിൽ ഞാൻ എന്ന വ്യക്തി മാത്രമല്ല ഉള്ളത്. അവിടെ ധാരാളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ലൊക്കേഷൻ സെറ്റ് ചെയ്തിട്ടുണ്ടാകും, ജൂനിയർ ആർടിസ്റ്റുകൾ ഉണ്ടാകും, അവർ എല്ലാവരും ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോയിട്ടും ഉണ്ടാകും. അതുകൊണ്ട് എന്നെക്കൊണ്ട് അവർക്ക് ഒരു നഷ്ടം ഉണ്ടാകരുതെന്ന ചിന്ത എനിക്കുണ്ടായി. കൂടാതെ ആ കഥാപാത്രം എങ്ങനെ ചെയ്യും എന്നൊക്കെയാണ് ഞാൻ അന്ന് ആലോചിച്ചിരുന്നത്. എങ്ങനെയാണ് ആ അവസ്ഥയിലൂടെ ഞാൻ കടന്ന് പോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല,’ ബിന്ദു പണിക്കർ പറഞ്ഞു.
അഭിമുഖത്തിൽ റോഷാക്ക് എന്ന ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് നടൻ മമ്മൂട്ടിയാണെന്നും തനിക്കതിൽ അഭിമാനമുണ്ടെന്നും ബിന്ദു പണിക്കർ പറഞ്ഞു.
‘മമ്മൂക്കയെപ്പോലൊരു നടൻ എന്നെ റോഷാക്ക് സിനിമയിലേക്ക് നിർദേശിച്ചത് അവാർഡ് കിട്ടുന്നതിലും വലിയ അംഗീകാരം ആയിരുന്നു. അദ്ദേഹത്തെ പോലെ മഹാനായ നടൻ എന്നിലെ ആർടിസ്റ്റിനെ മനസിലാക്കി വിശ്വാസം അർപ്പിച്ചതിൽ വലിയ അഭിമാനം ഉണ്ട്,’ ബിന്ദു പണിക്കർ പറഞ്ഞു.