ന്യൂദല്‍ഹി: ഹിന്ദു വിവാഹ മോചനം എളുപ്പമാക്കുന്ന നിയമഭേതഗതി എന്‍.ഡി.എ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. നേരത്തെ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമഭേതഗതി വിവാഹേതര ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും കുടുംബ വ്യവസ്ഥിതി തകരുമെന്നുമുള്ള വിവിധ മത സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.
നിരവധി കാലത്തെ പരിശോധനകള്‍ക്ക് ശേഷമായിരുന്നു യു.പി.എ സര്‍ക്കാര്‍ വിവാഹനിയമ(ഭേതഗതി) ബില്‍ കൊണ്ട് വന്നിരുന്നത്. നേരത്തെയുണ്ടായിരുന്ന ഹിന്ദുമാരേജ് ആക്ട്(1955), സ്‌പെഷ്യല്‍ മാരേജ് ആക്ട്(1954) തുടങ്ങിയ നിയമങ്ങളില്‍ ഭേതഗതി വരുത്തിയായിരുന്നു വിവാഹ മോചനം ആവശ്യമായ കേസുകളില്‍ അനുവദിക്കുന്നതിനായി നിയമം കൊണ്ട് വന്നിരുന്നത്.
2013ല്‍ നിയമം രാജ്യസഭയില്‍ പാസാക്കിയിരുന്നെങ്കിലും ലോക്‌സഭയില്‍ ചര്‍ച്ചക്ക് എടുക്കാനായിരുന്നില്ല. എന്നാല്‍ പുതുതായി അധികാരത്തിലേറിയിരുന്ന എന്‍.ഡി.എ സര്‍ക്കാര്‍ നിയമം വീണ്ടും പരിഗണിച്ചിരുന്നെങ്കിലും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു.
നിലവിലെ നിയമപ്രകാരം ദമ്പതികള്‍ ഉഭയ സമ്മത പ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നാണ്. എന്നാല്‍ പങ്കാളികളില്‍ ആരെങ്കിലും എതിര്‍ത്താല്‍ മറ്റേയാള്‍ വിവാഹമോചനത്തിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്നാണ്. ഇതില്‍ ജാരവൃതി, പങ്കാളിയോടുള്ള ക്രൂരത, ബുദ്ധി ഭ്രമം, പകര്‍ച്ചവ്യാധി തുടങ്ങിയവക്കെല്ലാം വിവാഹ മോചനം നല്‍കപ്പെടുന്നുണ്ട്.