ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തന്റെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് തലവൻ.
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തന്റെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് തലവൻ.
അനുരാഗ കരിക്കിൻ വെള്ളം, കവി ഉദ്ദേശിച്ചത് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവൻ.
രണ്ട് പൊലീസ്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ തുടങ്ങി വമ്പൻ താരങ്ങൾ ഒന്നിക്കുന്നുണ്ട്. ചിത്രത്തിന് ഒരു രണ്ടാംഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ ജിസ് ജോയ് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് നടൻ ബിജു മേനോൻ.
നല്ലൊരു തിരക്കഥ കിട്ടുകയാണെങ്കിൽ തലവൻ 2 തീർച്ചയായും ഉണ്ടാവുമെന്നും രണ്ടാംഭാഗം എടുക്കുന്നതിനായി നിർബന്ധപൂർവ്വം ഒരു സിനിമ എടുക്കാൻ കഴിയില്ലെന്നും ബിജു മേനോൻ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘അത്തരമൊരു പ്ലാനിങ് സംവിധായകൻ ജിസ് ജോയും ടീമും നടത്തുന്നുണ്ട്. നിർബന്ധപൂർവം രണ്ടാംഭാഗം എടുക്കണമെന്നു കരുതി ഒരുകഥ തട്ടിക്കൂട്ടില്ല. മറിച്ച് അതിനുപറ്റിയ നല്ലൊരു തിരക്കഥ തയ്യാറാവുകയാണെങ്കിൽ ഉറപ്പായും തലവൻ 2 വരും. ആലോചനകൾ നടക്കുന്നുണ്ട്,’ബിജു മേനോൻ പറഞ്ഞു.
ഇപ്പോൾ താൻ മുരുഗദോസിന്റെ ഒരു തമിഴ് സിനിമയിലാണ് അഭിനയിക്കുന്നതെന്നും അവിടെ എല്ലാവരും തന്നോട് മലയാള സിനിമയിലെ വിജയ തുടർച്ചയെ കുറിച്ചാണ് ചോദിക്കാറുള്ളതെന്നും താരം പറയുന്നു.
‘ഇപ്പോൾ ഞാൻ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലുള്ളവരെല്ലാം മലയാളസിനിമയുടെ ഈ വർഷത്തെ കുതിപ്പുകണ്ട് കൊതിച്ചുനിൽക്കുകയാണ്. എന്താണ് ഈ തുടർച്ചയായ വിജയത്തിന്റെ ട്രിക്ക് എന്നാണ് അവരെന്നോട് ചോദിക്കുന്നത്.
അവരോട് ഞാൻ പറഞ്ഞത് കഥയാണ് മലയാളത്തിലെ ഹീറോ എന്നാണ്. ഹിന്ദിയും തമിഴും തെലുഗും കന്നടയുമൊക്കെ നോക്കുമ്പോൾ അവരേക്കാൾ ഏറെ ബജറ്റ് ലിമിറ്റേഷനുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. അതിനാൽ ചെറിയ ബജറ്റിൽ മികച്ച കഥകൾ പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് മറുപടി നൽകി,’ബിജു മേനോൻ പറഞ്ഞു.
Content Highlight: Biju Menon Talk About Thalavan 2