പാട്‌ന: തന്റെ രണ്ടു ആണ്‍മക്കളെ കലപ്പ ചുമപ്പിച്ച് നിലമൊരുക്കേണ്ട ഗതികേടില്‍ ബീഹാറിലെ കര്‍ഷകന്‍. മക്ദുംപൂര്‍ ഗ്രാമത്തിലെ ജവഹര്‍ റായി എന്ന കര്‍ഷകനാണ് കടുത്ത ദാരിദ്ര്യം മൂലം ട്രാക്ടറോ കാളകളെയോ വാടകക്ക് എടുക്കാന്‍ കഴിയാത്തതിനാല്‍ മക്കളെ പാടത്തേക്കിറക്കേണ്ടി വന്നത്.
കാളകളുടെ സ്ഥാനത്ത് രണ്ട് ആണ്‍കുട്ടികള്‍ നിന്ന് നിലമുഴുന്ന ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
തങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും നിലം ഉഴുതുമറിച്ച് വിത്തിറക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് കര്‍ഷകന്‍ പറയുന്നു.
താമസിക്കുന്ന ഗ്രാമത്തില്‍ ജവഹര്‍ റായിയുടെ കുടുംബത്തിന് ചെറിയ കൃഷിസ്ഥലമുണ്ട്. ഇതിനെ ആശ്രയിച്ചാണ് കുടുംബം മുഴുവന്‍ കഴിയുന്നത്.
ചോളമാണ് ജവഹര്‍ കൃഷി ചെയ്യുന്നത്. സ്വന്തമായി കാളകളില്ലാത്ത അദ്ദേഹം നിലം ഉഴേണ്ട സമയമായതിനാല്‍ നാട്ടിലെ നിരവധി പേരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ ധനികരായ കര്‍ഷകരാരും തയ്യാറായില്ലെന്ന് ജവഹര്‍ പറയുന്നു.
“ഇനിയും കാത്തിരുന്നാല്‍ മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുമായിരുന്നു. കടുത്ത പട്ടിണിയുടെ വക്കിലായിരുന്നു ഞങ്ങള്‍. ഈ ചോളം കൃഷി മാത്രമായിരുന്നു ഞങ്ങലുടെ പ്രതീക്ഷ.” ജവഹര്‍ പറയുന്നു.
ബീഹാറിലെ പല ഗ്രാമങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ഡിഎന്‍എ പറയുന്നു.
ചെറിയ ഭൂമികളില്‍ പലപ്പോഴും ട്രാക്ടറുകള്‍ ഉപയോഗിക്കാനാകില്ല. ദരിദ്രരായ കര്‍ഷകര്‍ക്ക് ട്രാക്ടര്‍ വാങ്ങാനോ വാടകക്ക് എടുക്കാനോ ഉള്ള സാമ്പത്തിക സ്ഥിതിയുമുണ്ടാകില്ല. അതുകൊണ്ട് പല കര്‍ഷകരും സ്വന്തമായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ പാടം ഇത്തരത്തില്‍ ഉഴുതുമറിക്കുകയാണ് ചെയ്യുക.