ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ 2-0ന് പിന്നിലാണ്. ബൗളര്‍മാരുടെ കൃത്യതയില്ലാത്ത പ്രകടനമാണ് രണ്ട് മത്സരത്തിലും ഇന്ത്യയ്ക്ക് വിനയായത്.
ആദ്യ മത്സരത്തില്‍ പ്രോട്ടീസിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന റണ്‍സ് നേടിയിട്ടും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. രണ്ടാം മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിറംമങ്ങിയപ്പോള്‍ ഇന്ത്യയുടെ പാരാജയം വേഗത്തിലായി.
രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത് ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ്.
ആദ്യമത്സരത്തില്‍ പത്തിലധികം എക്കോണമിയില്‍ റണ്‍ വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ആദ്യ കളിയിലെ എല്ലാ പാപഭാരവും കഴുകിക്കളയുന്നതായിരുന്നു ഭുവിയുടെ പ്രകടനം. നാല് ഓവറില്‍ നിന്നും 3.25 എക്കോണമിയില്‍ 13 റണ്‍ വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തോടെ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ആര്‍. അശ്വിനെ മറികടന്ന് മൂന്നാമതെത്താനും ഭുവിക്കായി.
എന്നാലിപ്പോള്‍, മറ്റൊരു നേട്ടത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന ബ്രാവോയുടെയും ക്രിസ് ജോര്‍ദന്റെയും റെക്കോഡിനടുത്താണ് താരം എത്തിയിരിക്കുന്നത്.
13 വിക്കറ്റാണ് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ബ്രാവോയേയും ജോര്‍ദാനേയും ഒരുമിച്ച് മറികടക്കാനും താരത്തിനാവും.
ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് മത്സരം ശേഷിക്കെ ഭുവി റെക്കോഡ് സ്വന്തമാക്കും എന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇതിന് പുറമെ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് താരം സാമുവല്‍ ബദ്രിയുടെ റെക്കോഡിനൊപ്പവും താരമെത്തി. 33 വിക്കറ്റാണ് പവര്‍പ്ലേയില്‍ നിന്ന് മാത്രം ഭുവി സ്വന്തമാക്കിയത്.