ഈ കണക്ക് പറയുന്നു, ജെയ്‌സ്വാളിനെക്കാളും രോഹിത്തിനെക്കാളും മികച്ച ടെസ്റ്റ് ബാറ്റര്‍ ഭുവനേശ്വര്‍ കുമാര്‍!
Sports News
ഈ കണക്ക് പറയുന്നു, ജെയ്‌സ്വാളിനെക്കാളും രോഹിത്തിനെക്കാളും മികച്ച ടെസ്റ്റ് ബാറ്റര്‍ ഭുവനേശ്വര്‍ കുമാര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th December 2024, 3:30 pm

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് പുരോഗമിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ തോല്‍വി ഒഴിവാക്കാനുള്ള ഇന്ത്യയുടെ ശ്രമം ഫലം കണ്ടിരിക്കുകയാണ്.

രാഹുലൊഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ അമ്പേ പരാജയപ്പെട്ട മത്സരത്തില്‍ മിഡില്‍ ഓര്‍ഡറിന്റെയും ലോവര്‍ ഓര്‍ഡറിന്റെയും ചെറുത്തുനില്‍പ്പില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഓസ്‌ട്രേലിയ: 445

ഇന്ത്യ: 252/9

നിലവില്‍ 193 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കുറവുള്ളത്. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്‌ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.

ബ്രിസ്‌ബെയ്‌നില്‍ വെറും മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാത്രമാണ് 20 റണ്‍സില്‍ കൂടുതല്‍ കണ്ടെത്തിയത്. കെ.എല്‍. രാഹുല്‍ (139 പന്തില്‍ 84), രവീന്ദ്ര ജഡേജ (128 പന്തില്‍ 77), ആകാശ് ദീപ് (31 പന്തില്‍ പുറത്താകാതെ 27) എന്നിവരാണ് ചെറുത്തുനിന്നത്. 27 പന്തില്‍ പുറത്താകാതെ പത്ത് റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും നിര്‍ണായകമായി.

മൂന്നാം ടെസ്റ്റിലും അമ്പേ പരാജയപ്പെട്ടതോടെ രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ടെസ്റ്റ് ശരാശരിയിലും വന്‍ ഇടിവുണ്ടായി. ആദ്യ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വെല്ലുവിളിച്ച് സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിനെ പിന്നീട് വന്ന മത്സരങ്ങളിലെല്ലാം സ്റ്റാര്‍ക് തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ബേബി ഗോട്ട് ശുഭ്മന്‍ ഗില്ലിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

 

അഡ്‌ലെയ്ഡിന് പിന്നാലെ ഗാബയിലും മോശം പ്രകടനം ആവര്‍ത്തിച്ചതോടെ സേന രാജ്യങ്ങളില്‍ മൂവരുടെയും ടെസ്റ്റ് ശരാശരി സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനേക്കാള്‍ താഴേക്ക് വീണിരിക്കുകയാണ്.

സേന രാജ്യങ്ങളിലെ താരങ്ങളുടെ ബാറ്റിങ് ശരാശരി

യശസ്വി ജെയ്‌സ്വാള്‍ – 26.55 (ഒമ്പത് ഇന്നിങ്‌സ്)

ശുഭ്മന്‍ ഗില്‍ – 26.72 (19 ഇന്നിങ്‌സ്)

രോഹിത് ശര്‍മ – 29.20 (47 ഇന്നിങ്‌സ്)

ഭുവനേശ്വര്‍ കുമാര്‍ – 30.61 (16 ഇന്നിങ്‌സ്)

അഡ്‌ലെയ്ഡിലും ഗാബയിലുമടക്കം പരാജയമായതോടെയാണ് സേന രാജ്യങ്ങളില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ശരാശരി ഭുവനേശ്വറിനേക്കാള്‍ കുറഞ്ഞത്. ഓപ്പണറുടെ റോളില്‍ 37.72 എന്ന ശരാശരിയാണ് സേനയില്‍ രോഹിത്തിനുള്ളത്.

അതേസമയം, ഗാബയില്‍ പരാജയമൊഴിവാക്കി ശേഷിച്ച മത്സരങ്ങള്‍ വിജയിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇനി രണ്ട് ടെസ്റ്റുകളാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലും ഇന്ത്യക്ക് കളിക്കാനുള്ളത്.

പരമ്പരയിലെ നാലാമത് മത്സരമായ ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. സിഡ്‌നിയാണ് വേദി.

(സ്റ്റാറ്റ്‌സ്: ഷെബാസ്)

 

Content Highlight: Bhuvaneshwar Kumar now has best Average in SENA than Rohit Sharma, Shubman Gill and Yashasvi Jaiswal