സമയവും തിയ്യതിയും നിങ്ങള്‍ക്ക് തീരുമാനിക്കാം: അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് ബാഗേല്‍
റായ്പൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കാനുള്ള ആഭ്യന്തര മന്ത്രി അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. സമയവും തിയ്യതിയും നിശ്ചയിച്ചോളൂ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
‘ഹോം മിനിസ്റ്റര്‍ അമിത് ഷാ ജീ, ഞാന്‍ ചെയ്ത ജോലിയെ കുറിച്ച് സംവാദം നടത്താന്‍ നിങ്ങള്‍ എന്നെ വെല്ലുവിളിച്ച അതേ പണ്ടാരിയ മണ്ഡലത്തില്‍ വെച്ച് ഞാന്‍ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. നിങ്ങള്‍ ഇതുവരെ സമയവും തിയ്യതിയും പറഞ്ഞില്ല പക്ഷേ പൊതുജനങ്ങള്‍ വേദിയൊരുക്കി. നിങ്ങള്‍ തിയ്യതിയും സമയവും പറയൂ…,’ ഭൂപേഷ് ബാഗേല്‍ എക്‌സില്‍ കുറിച്ചു. കുറിപ്പിനൊപ്പം അമിത്ഷായുടെയും ബഗേലിന്റെയും പേരുകള്‍ പതിച്ച സോഫയുടെ ചിത്രവും പങ്കുവച്ചു.
ഇത് രണ്ടാം തവണയാണ് അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് ബഗേല്‍ രംഗത്ത് വരുന്നത്. ‘നിങ്ങളുടെ 15 വര്‍ഷത്തെ അഴിമതിയെയും ഞങ്ങളുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെയും കുറിച്ച് ഒരു സംവാദം നടക്കണം. ഛത്തീസ്ഗഢ് ഭയപ്പെടുന്നില്ല, നിങ്ങളുടെ മറുപടിക്കായ് കാത്തിരിക്കുന്നു,’ ഞാറാഴ്ച ബാഗേല്‍ എക്‌സില്‍ കുറിച്ചിരുന്നു.
ഛത്തീസ്ഗഢിലെ പണ്ടാരിയ നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അമിത് ഷാ ബാഗേലിനെ വെല്ലുവിളിച്ചത്. അഞ്ച് വര്‍ഷമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും കഴിഞ്ഞ 15 വര്‍ഷമായി പ്രധാനമന്ത്രി മോദിയും നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബി.ജെ.പിയുമായി സംവാദം നടത്തുന്നതിനാണ് അമിത് ഷാ ബാഗേലിനെ വെല്ലുവിളിച്ചത്.
ഛത്തീസ്ഗഢില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ് നക്‌സല്‍ ബാധിത മണ്ഡലമായ ബസ്തര്‍ ഉള്‍പ്പടെ 20 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് 17 ന് നടക്കും. നവംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
content highlight : Bhupesh Baghel accepts Amit Shah’s ‘debate’ challenge