മലയാളികള്‍ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.
മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകളുടെ റഫറന്‍സുകളും സിനിമയിലുണ്ട്. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ‘ഒപ്പ’ത്തിലെ ചില ഭാഗങ്ങളും, മോഹന്‍ലാലിന്റെ തന്നെ സി.ഐ.ഡി രാംദാസ് എന്ന കഥാപാത്രത്തിന്റെ റഫറന്‍സുകളും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ‘വിക്രം വേദ’യിലെ വിജയ് സേതുപതിയുടെ തീം സോംഗും ചിത്രത്തിലുണ്ട്.
എല്ലാ വിഭാഗത്തിലുള്ള ആളുകളേയും തൃപ്തിപ്പെടുത്താന്‍ പോന്നതാണ് സിനിമ എന്ന നിലയിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിട്ടുള്ളത്. മാസ്സും കോമഡിയും റൊമാന്‍സും തുടങ്ങി എല്ലാ ഘടകങ്ങളും ട്രെയ്‌ലറിലുണ്ട്.
യൂട്യൂബിലൂടെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സസ്പെന്‍സ് സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുള്ള ടീസറും ശ്രദ്ധ നേടിയിരുന്നു. ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോസിലൂടെ റിലീസ് ചെയ്യും.
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.