ന്യൂദല്‍ഹി: എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ മലയാളിയായ റോണ വില്‍സന്റെ ലാപ്‌ടോപില്‍ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാക്കറെ ഉപയോഗിച്ച് തിരുകികയറ്റിയതാണെന്ന് മസാച്യുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഫേം. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകളാണ് ലാപ്‌ടോപില്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്.
റോണ വില്‍സണ്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു ഹാക്കര്‍ പത്തോളം കത്തുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് പറയുന്നത്.
അതേസമയം ഹാക്കറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഴ്‌സണലിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. തെളിവ് തട്ടിയെടുക്കുന്നതുമായി ബന്ധപ്പട്ട് നടന്നിട്ടുള്ള ഏറ്റവും ഗുരുതരമായ കേസുകളില്‍ ഒന്നാണ് ഇതെന്നാണ് ഫോറന്‍സിക് ഏജന്‍സി പറയുന്നത്.
A brief statement from Arsenal President Mark Spencer regarding Report I in the Bhima Koregaon case. #DFIR pic.twitter.com/UHiSK2YYXm
— Arsenal Consulting (@ArsenalArmed) February 10, 2021
ഈ കത്തുകളാണ് റോണ വില്‍ണെതിരായ പ്രാഥമിക തെളിവുകളായി പൂണെ പൊലീസ് കണക്കാക്കിയിരുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണ വില്‍സണ്‍ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മലയാളിയായ റോണ വില്‍സണാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത്.
റോണയുടെ ലാപ്‌ടോപില്‍ നിന്ന് നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്തും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപണം.
2018ല്‍ ദല്‍ഹിയിലെ മുനീര്‍ക്കയിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ നിന്ന് നിന്നും പൂനെ പൊലീസും ദല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപറേഷന്റെ ഭാഗമായാണ് റോണ വില്‍സണെ അറസ്റ്റ് ചെയ്ത് യു.എ.പി.എ നിയമപ്രകാരം തടവിലാക്കുന്നത്.
റോണാ വിത്സനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു നാല് സാമൂഹിക പ്രവര്‍ത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും തടവില്‍ വയ്ക്കുകയും ചെയ്തിരുന്നു. ദളിത് സാമൂഹിക പ്രവര്‍ത്തകനായ
സുധീര്‍ ധാവ്ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍.
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിറകില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അഞ്ചു പേരാണ് എന്നാണ് പൊലീസ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bhima Koregaon case; Evidence was planted in activist Rona Wilson’s laptop says US forensic agency