Film News
മമ്മൂക്ക 'ആറാടുകയാണ്'; ഭീഷ്മ പര്‍വത്തിന്റെ പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 20, 02:03 pm
Sunday, 20th February 2022, 7:33 pm

ഒരിടവേളക്ക് ശേഷം മമ്മൂക്കയുടെ മാസ് സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ഭീഷ്മ പര്‍വ’ത്തിനായി അക്ഷമയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ ‘ഭീഷ്മ പര്‍വ’ത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. മഴ നനഞ്ഞ് നില്‍ക്കുന്ന മൈക്കിളിന്റെ ക്ലോസപ്പ് ഷോട്ടാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ആറാട്ടിന്റെ റിലീസിന് പിന്നാലെ വൈറലായ ‘ആറാടുകയാണ്’ എന്ന ഡയലോഗ് നിരവധി പേര്‍ കമന്റ് ചെയ്തു. ഇക്ക ആറാടുകയാണെന്നും, ഭീഷ്മയുടെ ആറാട്ടെന്നും കമന്റ് വന്നിരുന്നു.

‘ആറാട്ടി’ന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നല്‍ പ്രത്യക്ഷപ്പെട്ട് ‘ലാലേട്ടന്‍ ആറാടുകയാണെന്ന’ ആരാധകന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.


Content Highlight: bheeshma parvam new poster out