ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ഷാരൂഖ് ചിത്രം കൂടിയാണ് പത്താന്‍. നേരത്തെ ബ്രഹ്‌മാസ്ത്രയിലും താരമുണ്ടായിരുന്നെങ്കിലും മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന കാമിയോ റോളായിരുന്നു.
പത്താനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു ചിത്രത്തിനെതിരെ ഉണ്ടായിരുന്നത്. ഗാന രംഗങ്ങളില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരുന്ന കാവി ബിക്കിനി ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളും തീവ്രഹിന്ദുത്വ സംഘടനകളുമായിരുന്നു ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ മുഴക്കിയത്.
എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ ബേഷരംഗ് പാട്ടിനെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വാഗതം ചെയ്തത്. കാവി ബിക്കിനി രംഗങ്ങള്‍ വന്നപ്പോള്‍ തിയേറ്ററുകള്‍ ഇളകി മറിഞ്ഞിരുന്നു. സ്‌ക്രീനില്‍ ദീപികയും ഷാരൂഖും ആടിപാടുമ്പോള്‍ ഒപ്പം തിയേറ്ററിലും ഓളം വെക്കുന്ന കാണികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയാണ്.
ഇതുകൂടാതെ സിനിമ തീരുമ്പോഴാണ് ജൂം ജോ പത്താന്‍ എന്ന ഗാനം വരുന്നത്. സിനിമ തീര്‍ന്നിട്ടും ഈ ഗാനവും മുഴുവന്‍ കണ്ട് തീര്‍ത്ത് വലിയ ആരവങ്ങളോടെയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടുപോകുന്നത്.
അതേസമയം ചിത്രത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ഇന്ന് നടന്നിരുന്നു. കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ഒരു വിഭാഗം തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു.
കര്‍ണാടകയിലെ വി.എച്ച്.പി അനുഭാവികള്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മഹാരാഷ്ട്രയിലെ വി.എച്ച്.പി നേതൃത്വം അറിയിച്ചു. സിനിമയില്‍ അണിയറക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇതെന്നാണ് മഹാരാഷ്ട്രയിലെ വി.എച്ച്.പി നേതൃത്വം പറയുന്നത്.
8000ത്തിലധികം സ്‌ക്രീനുകളിലാണ് പത്താന്‍ ഇന്ന് റിലീസ് ചെയ്തത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തത്. സിദ്ധാര്‍ഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Content Highlight: Besharam rang song was welcomed by the audience with full applause