സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ ആ സീന്‍ സിനിമയുടെ ആത്മാവാണെന്ന്, അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്: ബെന്യാമിന്‍
Entertainment
സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ ആ സീന്‍ സിനിമയുടെ ആത്മാവാണെന്ന്, അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്: ബെന്യാമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 12:41 pm

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

നോവലിനെ ഇതിലും മികച്ചതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം. എന്നാല്‍ നോവലിലെ പല സീനുകളും സിനിമയില്‍ വരാത്തതിന്റെ കാരണം ബെന്യാമിന്‍ വെളിപ്പെടുത്തി. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെന്യാമിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി.

നോവലിലെ ചില ഭാഗങ്ങള്‍ വേണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തീരുമാനിച്ചുവെന്നും. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞുവെന്നും ബെന്യാമിന്‍ പറഞ്ഞു.

‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീന്‍ ഉണ്ടെങ്കില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാന്‍ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്,’ ബെന്യാമിന്‍ പറഞ്ഞു.

Content Highlight: Benyamin about the scenes removed from Aadujeevitham