'ആ കഥാപാത്രത്തെ സൃഷ്ടിച്ചത് രാജന്‍ പി. ദേവിന് വേണ്ടി; ഷൂട്ടിന് മുന്‍പേ അദ്ദേഹം ഞങ്ങളെ വിട്ട് പോയി'
Entertainment news
'ആ കഥാപാത്രത്തെ സൃഷ്ടിച്ചത് രാജന്‍ പി. ദേവിന് വേണ്ടി; ഷൂട്ടിന് മുന്‍പേ അദ്ദേഹം ഞങ്ങളെ വിട്ട് പോയി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th July 2023, 3:03 pm

ചട്ടമ്പി നാടെന്ന ചിത്രത്തിലെ ഗുണ്ടാ കഥാപാത്രത്തെ താന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. അന്ന് രാജന്‍ പി. ദേവ് അസുഖ ബാധിതനായി ഇരിക്കുന്ന സമയമാണെന്നും അദ്ദേഹത്തിന് വേണ്ടിയാണ് അത്തരമൊരു കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചട്ടമ്പിനാടില്‍ പണ്ട് ഗുണ്ടയായിരുന്ന ഒരു കഥാപാത്രം ഉണ്ട്. അയാളുടെ ഗുണ്ടാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടിവാളിന് വേട്ടേറ്റത് കൊണ്ട് ശിക്ഷ്യന്മാര്‍ കസേരയില്‍ ചുമന്നാണ് കൊണ്ടുവരുന്നത്. ആ കഥാപാത്രത്തെ മറ്റൊരു ഉദ്ദേശത്തോടെ ഞാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണ്. അന്ന് രാജേട്ടന് (രാജന്‍ പി. ദേവ്) വയ്യാതിരിക്കുന്ന ഒരു സമയമായിരുന്നു. പല അസുഖങ്ങള്‍ കാരണം ഇടക്ക് പുള്ളി ആശുപത്രിയിയിലാകും. പക്ഷെ പുള്ളി ആരെയും അറിയിച്ചിരുന്നില്ല. ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ചേച്ചിയായിരിക്കും. പുറത്താരോടും പറഞ്ഞിട്ടില്ല ഒരാഴ്ചയായി ചേട്ടന്‍ ഹോസ്പിറ്റലിലാണെന്നും ബ്ലഡ് ഒമിറ്റ് ചെയ്‌തെന്നും ചേച്ചി എന്നോട് പറഞ്ഞു.

അദ്ദേഹത്തിന് ലിവര്‍ സിറോസിസിന്റെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, ഷുഗര്‍ കൂടി കാഴ്ചശക്തി കുറഞ്ഞ് അവ്യക്തമായി കാണുന്ന സ്ഥിതിയൊക്കെയായി അവസ്ഥ. ഞാന്‍ രാജേട്ടനുമായി സംസാരിച്ചു. വര്‍ക്ക് കുറക്കാനും ആരോഗ്യം ശ്രദ്ധിക്കാനും വര്‍ക്ക് ഇനിയും വന്നോളുമെന്നും ഞാന്‍ പറഞ്ഞു. കാരണം കിട്ടുന്നതെല്ലാം വില്ലന്‍ സ്വഭാവമുള്ളതും ഓട്ടവും ചാട്ടവുമൊക്കെയാണ്. അതൊക്കെ അസുഖം കൂട്ടുമെന്നും ഞാന്‍ പറഞ്ഞു.

 

വീട്ടിലിരുന്നാല്‍ അങ്ങനെ ഇരുന്നുപോകുമെന്നും കിട്ടുന്നത് ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സെലക്ടീവ് ആയി അധികം ദേഹമനങ്ങാത്ത വേഷങ്ങളെടുക്കാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അങ്ങനെത്തെ കഥാപാത്രത്തിനാണോടാ വിളിക്കുന്നത്, എല്ലാം തോക്കും കയ്യില്‍ വെച്ച് വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായിരിക്കുമെന്നും അത് നോക്കിയിട്ട് കാര്യമില്ല, പോകുന്നത് വരെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിലൊരു വിഷമമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞതിന് ശേഷം രാജേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചെന്നും എന്നാല്‍ ഷൂട്ടിന് മുന്‍പേ അദ്ദേഹം എല്ലാവരെയും വിട്ട് പോയെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.

‘ഞാന്‍ ഈ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ അദ്ദേഹത്തിന് അസുഖമുള്ളത് അറിയാവുന്നത് കൊണ്ട് മനപൂര്‍വ്വം ആലോചിച്ച് ഒരു കസേരയില്‍ ഇരിക്കുന്ന, നടക്കുക കൂടി വേണ്ടാത്ത കഥാപാത്രത്തെ സൃഷ്ടിച്ചതാണ്. അതാകുമ്പോള്‍ അദ്ദേഹത്തിന് യാതൊരു ആയാസവുമില്ലാതെ എന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്യാം അദ്ദേഹത്തെ ആ സിനിമയില്‍ അഭിനയിപ്പിച്ചുവെന്ന സന്തോഷം എനിക്ക് കിട്ടുകയും ചെയ്യും.

വയ്യാതിരിക്കുകയാണെങ്കിലും സിനിമ ആവശ്യമായ സമയമായിരുന്നു അദ്ദേഹത്തിന്. ആ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞ് അദ്ദേഹത്തിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം സന്തോഷിക്കുകയും ചെയ്തു. സന്തോഷത്തോടെ അത് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ആ സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഞങ്ങളെയെല്ലാം വിട്ട് പോയി. ആ വിഷമം ഇന്നും എന്റെ മനസില്‍ ഉണ്ട്. ആ കഥാപാത്രത്തിന് പകരം പിന്നെ ഞങ്ങള്‍ കണ്ടെത്തിയത് ജനാര്‍ദനന്‍ ചേട്ടനെയായിരുന്നു. ജനാര്‍ദനന്‍ ചേട്ടന്‍ അത് അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞില്ല, അത് രാജേട്ടന് വേണ്ടി ഉണ്ടാക്കിയതാണെന്ന്, അദ്ദേഹത്തിന് വിഷമം ആവേണ്ടെന്ന് വിചാരിച്ചു’, ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Benny p nayarambalam talks about Rajan P Dev