ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ; അത് നമുക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ്
Sports
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ; അത് നമുക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th October 2022, 9:52 pm

പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന 2023ലെ ഏഷ്യ കപ്പിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കാനാകില്ലെന്ന ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ് റോജര്‍ ബിന്നി. ഇന്ത്യന്‍ ടീമിനെ അയക്കണോ വേണ്ടയോ എന്നത് ബി.സി.സി.ഐക്ക് തീരുമാനിക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നാണ് റോജര്‍ ബിന്നി പറഞ്ഞത്.

‘ഇത് ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള തീരുമാനമെടുക്കാനുള്ള വിഷയമല്ല. നമ്മുടെ ടീമിനോട് എവിടെ പോകണം എവിടെ പോകരുതെന്ന് പറയാന്‍ ഞങ്ങള്‍ക്കാകില്ല.

ഇവിടെ നിന്ന് ഇന്ത്യന്‍ ടീം പുറത്ത് പോകുമ്പോഴും വിദേശ ടീമുകള്‍ ഇവിടേക്ക് വരുമ്പോഴും സര്‍ക്കാരില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒറ്റക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. സര്‍ക്കാര്‍ പറയുന്നതിനനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ,’ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ റോജര്‍ ബിന്നി പറഞ്ഞു.

പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ച ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ യോഗത്തില്‍ വെച്ചായിരുന്നു ജയ് ഷാ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒക്ടോബര്‍ 18നായിരുന്നു യോഗം നടന്നത്.

ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുമെന്നായിരുന്നു ജയ് ഷാ യോഗത്തില്‍ പറഞ്ഞത്. ഒരു ന്യൂട്രല്‍ സ്ഥലത്ത് വെച്ച് ഏഷ്യ കപ്പ് നടത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ജയ് ഷായുടെ വാക്കുകള്‍.

ഇതേ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘എ.സി.സി പ്രസിഡന്റ് ജയ് ഷായുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എ.സി.സി ബോര്‍ഡിനോടോ ഈ വര്‍ഷത്തെ ആതിഥേയരെന്ന നിലയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടോ യാതൊരുവിധ ചര്‍ച്ചയും നടത്താതെയാണ് അടുത്ത വര്‍ഷം ടൂര്‍ണമെന്റ് ഒരു ന്യൂട്രല്‍ വെന്യുവിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞത്. ഈ നീക്കം ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ലവലേശം ആലോചിക്കാതെയാണ് അദ്ദേഹം അത് പറഞ്ഞത്,’ പി.സി.ബിയുടെ പ്രസ്താവനയില്‍ പറയുന്നു.

കളിക്കാര്‍ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും പാകിസ്ഥാനിലേക്ക് പോകുമോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നുമായിരുന്നു കേന്ദ്ര കായികമന്ത്രി അനുരാഗ്
താക്കുര്‍ പറഞ്ഞത്.

അതേസമയം, 2012-13 സീസണിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി-20 മത്സരങ്ങളും പാകിസ്ഥാന്‍ കളിച്ചിരുന്നു.

നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കുന്നത്.
2022 ഏഷ്യാ കപ്പില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ഇരുവരും വിജയിച്ചു.

ഒക്ടോബര്‍ 23ന് നടക്കുന്ന ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlight: BCCI President Roger Binny comments on Asia Cup 2023 at Pakistan topic