Cricket
പവാറിന്റെ 'പവര്‍' പോകും; വനിത ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 30, 12:50 pm
Friday, 30th November 2018, 6:20 pm

മുംബൈ: ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമിന് പുതിയ മുഖ്യ പരിശീലകനെ തേടി ബി.സി.സി.ഐ. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് അപേക്ഷ നല്‍കാനും ബി.സി.സി.ഐ ആവശ്യപ്പെട്ടതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ പരിശീകന് രമേശ് പവാറുമായുള്ള കരാര് ഇന്ന് അവസാനിക്കും

നിലവില്‍ മുന്‍ ഇന്ത്യന്‍ താരം രമേശ് പവാറാണ് പരിശീലകന്‍ പവാറിന് കീഴില്‍ വനിതാ ലോകകപ്പില്‍ സെമിഫൈനല്‍ വരെയെത്തിയ ടീം ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായിരുന്നു.

മാത്രമല്ല വെറ്ററന്‍ താരം മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരെ പുറത്തിരുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. താന്‍ പുറത്തിരുന്നത് പരിശീലകന്‍ രമേശ് പവാറിന്റെ ദുശ്ശാഠ്യമാണെന്ന് പറഞ്ഞ് മിതാലി രംഗത്തെത്തിയതോടെ പവാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.

നെറ്റ്‌സില്‍ തന്നെ പരിഗണിക്കുന്നില്ലെന്നും ഒഴിവാക്കുകയാണെന്നുമാണ് മിതാലി പരിശീലകനെതിരെ ഉന്നയിച്ചത്. സംഭവത്തില്‍ രമേശ് ബി.സി.സി.ഐ.ക്ക് വിശദീകരണം നല്‍കിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.