'നിങ്ങളുടെ കയ്യിൽ ഫലസ്തീൻ രക്തം പുരണ്ടിട്ടുണ്ട്'; ബി.ബി.സി കെട്ടിടത്തിൽ ചുവന്ന പെയിന്റൊഴിച്ച് പ്രതിഷേധം
ലണ്ടൻ: ഇസ്രഈൽ – ഹമാസ് യുദ്ധ റിപ്പോർട്ടിങ്ങിൽ ബി.ബി.സിയുടെ ‘കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്ന്’ ആരോപിച്ച് ബി.ബി.സി ആസ്ഥാന മന്ദിരത്തിൽ ചുവന്ന പെയിന്റ് ഒഴിച്ച് പ്രതിഷേധം.
ഫലസ്തീൻ ആക്ഷൻ എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബി.ബി.സി ഇസ്രഈലിന്റെ യുദ്ധ കുറ്റത്തിന് അനുവാദം ഉണ്ടാക്കിക്കൊടുക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
‘ഫലസ്തീൻ ആക്ഷൻ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് ഒരു സന്ദേശം നൽകിയിട്ടുണ്ട്. അധിനിവേശ ശക്തികൾ പറയുന്ന കള്ളം പ്രചരിപ്പിക്കുകയും ഇസ്രഈലിന് യുദ്ധക്കുറ്റം ചെയ്യാനുള്ള അനുവാദം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിന്റെ അർത്ഥം നിങ്ങളുടെ കയ്യിൽ ഫലസ്തീന്റെ രക്തം പുരണ്ടിട്ടുണ്ട് എന്നാണ്,’ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സംഘടന പറയുന്നു.
അതേസമയം, പ്രതിഷേധ സംഘടനയാണ് സംഭവത്തിന് പിന്നിലെന്നതിന് തെളിവുകളില്ലെന്നും അറസ്റ്റുകൾ ഉണ്ടായിട്ടില്ലെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ഫലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനിൽ നടന്ന റാലി ബി.ബി.സി മന്ദിരത്തിന് മുന്നിൽ നിന്നായിരുന്നു ആരംഭിച്ചത്. ഫ്രണ്ട്‌സ് ഓഫ് അൽ അഖ്സ, മുസ്‌ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധ റാലിക്ക് മുന്നോടിയായി 1000 പൊലീസുകാരെ വിന്ന്യസിച്ചിരുന്നു. ബ്രിട്ടനിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹമാസിനെ പിന്തുണക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlight: BBC building sprayed with red paint; accusing manufacturing consent for Israel’s war crimes