തോല്‍ക്കാന്‍ മാനസില്ലടാ! 59 വര്‍ഷത്തെ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചു; യൂറോപ്പില്‍ ചരിത്രംകുറിച്ച് ജര്‍മന്‍ വമ്പന്മാര്‍
Football
തോല്‍ക്കാന്‍ മാനസില്ലടാ! 59 വര്‍ഷത്തെ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചു; യൂറോപ്പില്‍ ചരിത്രംകുറിച്ച് ജര്‍മന്‍ വമ്പന്മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 9:01 am

2023 യൂറോപ്പ ലീഗ് ഫൈനലില്‍ പ്രവേശിച്ച് ബയര്‍ ലെവര്‍കൂസന്‍. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.എസ് റോമയെ തകര്‍ത്താണ് ജര്‍മന്‍ ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. ലെവര്‍ക്കൂസിന്റെ തട്ടകമായ ബേ അറീനയില്‍ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

റോമയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലെവര്‍ക്കൂസന്‍ വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ 4-2 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ലെവര്‍ക്കൂസന്‍ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സാബി അലോണ്‍സയും സംഘവും സ്വന്തമാക്കിയത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ അണ്‍ബീറ്റനായി കളിച്ച ടീം എന്ന നേട്ടമാണ് ലെവര്‍ക്കൂസന്‍ സ്വന്തമാക്കിയത്. 49 മത്സരങ്ങളാണ് സാബിയും സംഘവും
തോല്‍വി അറിയാതെ മുന്നേറിയത്.

48 മത്സരങ്ങള്‍ അണ്‍ബീറ്റനായി തുടര്‍ന്ന് പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കയുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ലെവര്‍ക്കൂസന്‍ ചരിത്രം കുറിച്ചത്. നീണ്ട 59 വര്‍ഷത്തെ റെക്കോഡാണ് ജര്‍മന്‍ ക്ലബ്ബിനു മുന്നില്‍ തകര്‍ന്ന് വീണത്.

മത്സരത്തില്‍ രണ്ടു ഗോളിന് പിറകില്‍ നിന്ന് ശേഷം ആയിരുന്നു ലെവര്‍ക്കൂസന്റെ തിരിച്ചുവരവ്. മത്സരത്തില്‍ ലിയനാര്‍ഡ്രോ പാരഡസ് 43, 66 എന്നീ മിനിട്ടുകളില്‍ ആണ് റോമയ്ക്ക് വേണ്ടി വലകുലുക്കിയത്.

എന്നാല്‍ 82ാം മിനിട്ടില്‍ ജിയാന്‍ ലൂക്കാ മാന്‍ സീനിയുടെ ഓണ്‍ ഗോളിലൂടെ ലെവര്‍ക്കൂസന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമില്‍ ജോസിഫ് സ്റ്റാന്‍സിക്കിലൂടെ ലെവര്‍ക്കൂസന്‍ സമനില പിടിക്കുകയായിരുന്നു.

മത്സരത്തില്‍ 32 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് സാബിയും കൂട്ടരും ഉതിര്‍ത്തത് ഇതില്‍ 13 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകള്‍ ജര്‍മന്‍ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ ടാര്‍ഗറ്റിലേക്ക് ഏഴെണ്ണവും ആണ് റോമയ്ക്ക് നേടാന്‍ സാധിച്ചത്.

മെയ് 23നാണ് യൂറോപ ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മാരായ അറ്റ്‌ലാന്‍സയാണ് ലെവര്‍ക്കൂസന്റെ എതിരാളികള്‍. അവിവാ സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനല്‍ മത്സരം നടക്കുന്നത്.

Content Highlight: Bayer Leverkusen create a new record