അവന്മാര്‍ ക്രിക്കറ്റിനെ നിസാരമായാണ് കാണുന്നത്; ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബാസിത് അലി
Sports News
അവന്മാര്‍ ക്രിക്കറ്റിനെ നിസാരമായാണ് കാണുന്നത്; ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th October 2024, 8:36 am

2012ന് ശേഷം ഇന്ത്യ ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ ഫലമായി ന്യൂസിലാന്‍ഡിനും അത് ചരിത്ര വിജയമായിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിവീസിന്റെ വിജയഗാഥ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധരെ അമ്പരപ്പിച്ചിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മോശം പ്രകടനം നടത്തിയാണ് കളം വിട്ടത്. ഇപ്പോള്‍ ഇരുവരെയും വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാസിത് അലി. 2024 ടി-20 ലോകകപ്പിന് ശേഷം വിരാടും രോഹിത്തും പരിശീലന സെക്ഷനുകള്‍ ഗൗരവമായി എടുക്കുന്നില്ലെന്നാണ് ബാസിത് പറഞ്ഞത്.

ബാസിത് അലി വിരാടിന്റെയും രോഹിത്തിന്റെയും മോശം പ്രകടനത്തെക്കുറിച്ച് പറഞ്ഞത്

‘2024ലെ ഐ.സി.സി ടി-20 ലോകകപ്പിന് ശേഷം അവര്‍ കളിയില്‍ ശ്രദ്ധിക്കുന്നില്ല. നേരത്തെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ശരിയായ പരിശീലന സെക്ഷനുകള്‍ നടത്തിയിരുന്നുവെങ്കിലും അവര്‍ അത് ഓപ്ഷണല്‍ ആക്കിയിരിക്കുകയാണ്. അവര്‍ ക്രിക്കറ്റിനെ നിസാരമായി കാണുന്നുവെന്ന് തോന്നുന്നു.

ഒരു ഇന്നിങ്സില്‍ നേരത്തെ പുറത്തായാല്‍ അടുത്ത ഇന്നിങ്സില്‍ വമ്പന്‍ സ്‌കോര്‍ നേടാമെന്നാണ് വിരാടും രോഹിത്തും കരുതുന്നത്. എന്നാല്‍ ക്രിക്കറ്റ് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരും റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ഇന്ത്യ വലിയ കുഴപ്പത്തിലാകും,’ ബാസിത് അലി പറഞ്ഞു.

വിരാടിന്റെയും രോഹിത്തിന്റെയും മോശം പ്രകടനം

കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനം കാഴ്ചവെച്ചാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ രോഹിത് പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ വിരാട് ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ രോഹിത് എട്ട് റണ്‍സ് നേടിയപ്പോള്‍ വിരാട് 17 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം തട്ടകത്തില്‍ 15 മത്സരങ്ങളില്‍ രോഹിത്തിന്റെ നാലാമത്തെ തോല്‍വി കൂടിയാണിത്.

 

Content Highlight: Basit Ali Criticize Indian Star Batters For Bad Performance