നായകനായി വന്ന സിനിമകളെല്ലാം ഹിറ്റാക്കി നില്‍ക്കുന്ന നടനാണ് ബേസില്‍ ജോസഫ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പ്രാവിന്‍കൂട് ഷാപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസിലിന് പുറമെ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.
ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് ബേസില്‍ വേഷമിട്ടിരിക്കുന്നത്. ആദ്യമായാണ് മുഴുനീള പൊലീസ് കഥാപാത്രമായി ബേസില്‍ എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. ചിത്രത്തില്‍ പൊലീസ് വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഏത് കഥാപാത്രത്തെ റഫറന്‍സാക്കണമെന്ന് ആലോചിച്ചെന്നും സംവിധായകരുടെ മനസില്‍ കോമിക് പൊലീസ് ആയിരിക്കുമെന്ന് കരുതിയെന്നും ബേസില്‍ പറഞ്ഞു.
എന്നാല്‍ താന്‍ സംവിധായകനോട് ചോദിച്ചപ്പോള്‍ സിങ്കത്തിലെ സൂര്യയെപ്പോലെ പിടിക്കാമെന്ന് പറഞ്ഞെന്നും എന്നാല്‍ ഷൂട്ട് തുടങ്ങാന്‍ വെറും രണ്ടാഴ്ച മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. അതിന് വേണ്ടി താന്‍ ജിമ്മിലെ ട്രെയിനറെ കണ്ടെന്നും രണ്ടാഴ്ച കൊണ്ട് സിങ്കം മോഡല്‍ ആകണമെന്ന് ആവശ്യപ്പെട്ടെന്നും ബേസില്‍ പറഞ്ഞു.
രണ്ടാഴ്ച മാത്രമേ ഉള്ളൂ എന്ന് അറിഞ്ഞപ്പോള്‍ ആ കോമിക് ട്യൂണ്‍ മാത്രമേ കിട്ടുള്ളൂവെന്നും സിങ്കം മോഡല്‍ ആകില്ലെന്ന് അയാള്‍ പറഞ്ഞെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘ഈ പടത്തില്‍ പൊലീസ് വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിന്റെ ഡയറക്ടര്‍ എന്റെ എന്‍ട്രി സീന്‍ എങ്ങനെയായിരിക്കും വിചാരിച്ചിരിക്കുന്നത് എന്ന് ആലോചിച്ചു. പണ്ടൊക്കെ പ്രിയദര്‍ശന്‍ സാറിന്റെ പടത്തില്‍ കേട്ടത് പോലെ ‘ടുട്ടുഡു ടുട്ടുഡു ടുട്ടു’ പോലെ എന്തെങ്കിലും ഒന്നായിരിക്കുമെന്നാണ്. പക്ഷേ, എന്റെ മനസില്‍ ഉണ്ടായിരുന്നത് ‘സിങ്കം സിങ്കം ഹീ ഈസ് ദുരൈസിങ്കം’ ആയിരുന്നു.
ഡയറക്ടറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞത് നമുക്ക് സിങ്കം മോഡല്‍ പിടിക്കാമെന്നായിരുന്നു. ഷൂട്ട് തുടങ്ങാന്‍ രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ എന്റെ ട്രെയിനറുടെ അടുത്ത് ഇക്കാര്യം പറഞ്ഞു. രണ്ടാഴ്ച കൊണ്ട് സിങ്കം ആകണമെന്ന് പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞത് ‘രണ്ടാഴ്ച കൊണ്ട് ആ ടുട്ടുഡു ടുട്ടുഡു ടുട്ടു ടുട്ടു’ മാത്രമേ കിട്ടുള്ളൂ എന്നായിരുന്നു. അങ്ങനെ ആ പ്രതീക്ഷ വിട്ടു (ചിരി)’ ബേസില്‍ ജോസഫ് പറഞ്ഞു.
അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലിയാണ്. വിഷ്ണു വിജയ്‌യുടേതാണ് ചിത്രത്തിന്റെ സംഗീതം. ചാന്ദ്‌നി ശ്രീധര്‍, ശിവജിത്, ശബരീഷ് വര്‍മ, നിയാസ് ബക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Basil Joseph says he wished to take Suriya’s Singam movie for reference in Pravinkoodu Shapp movie