Entertainment news
എന്റെ കൊച്ചിന്റെയടുത്ത് എനിക്കൊരു ഇരട്ടപ്പേരുണ്ട്; അച്ഛനാണത്രേ അച്ഛന്‍: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 15, 02:48 am
Saturday, 15th April 2023, 8:18 am

ഒരു കുഞ്ഞിന്റെ അച്ഛനായതിന് ശേഷം തന്റെ ജീവിതത്തില്‍ നടക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. കുഞ്ഞിന് മരുന്നൊക്കെ കൊടുക്കുന്നത് താനാണെന്നും അതിന് വേണ്ടി എല്ലാ ദിവസവും അലാം സെറ്റ് ചെയ്തിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞു. വൈറ്റമിന്‍ ഡിയുടെ തുള്ളി മരുന്ന് എല്ലാ ദിവസവും നല്‍കുന്നത് താനായതുകൊണ്ട് തന്നെ ഡി മാന്‍ എന്നാണ് വിളിക്കുന്നതെന്നും അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പങ്കാളി എലിസബത്തിനെ കുറിച്ചും കരിയറിലും മറ്റ് കാര്യങ്ങളിലും അവര്‍ നടത്താറുള്ള ഇടപെടലിനെ കുറിച്ചും താരം പറഞ്ഞു. ജീവിതത്തില്‍ എന്ത് സംശയങ്ങള്‍ വന്നാലും ആദ്യം പറയുന്നത് തന്റെ പങ്കാളിയോടാണെന്നും അവരുടെ പക്കല്‍ എല്ലാത്തിനുമുള്ള പരിഹാരമുണ്ടെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

‘വൈറ്റമിന്‍ ഡി എന്ന തുള്ളി മരുന്നാണ് കൊച്ചിന് ഞാന്‍ കൊടുക്കേണ്ടത്. ചെറിയൊരു ഓറഞ്ച് ഫ്‌ളേവറുള്ള മരുന്നാണത്. എല്ലാ ദിവസവും ആറ് മണിക്ക് കൊടുക്കണം എന്നെയാണത് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഴിക്കാന്‍ കൊച്ചിന് ഭയങ്കര ഇഷ്ടമാണ്. അത് ഇറ്റിച്ച് കൊടുക്കുമ്പോള്‍ തന്നെ ചെറിയ ചിരിയൊക്കെ മുഖത്ത് കാണാന്‍ പറ്റും. ഇപ്പോള്‍ എന്റെ പേര് ഡി മാന്‍ എന്നാണ്. ഇത് കൊടുക്കാനായിട്ട് പോകുമ്പോള്‍ ഡി മാന്‍ വന്നല്ലോ എന്നാണ് പറയുന്നത്.

കൊച്ചിന്റെ അടുത്ത് അങ്ങനെയൊരു ഇരട്ടപ്പേരൊക്കെ ഇട്ടിട്ടുണ്ട്. അച്ഛനാണത്രേ അച്ഛന്‍. അത് കൃത്യസമയത്ത് കൊടുക്കേണ്ടത് കൊണ്ട് എല്ലാ ദിവസവും ആറ് മണിക്കും അലാം അടിക്കും. കരിയറിലാണെങ്കില്‍ എന്ത് കണ്‍ഫ്യൂഷന്‍ വന്നാലും ആദ്യം വിളിക്കുന്നത് എലിസബത്തിനെയാണ്. കണ്‍ഫ്യൂഷന്‍ മാത്രമല്ല സന്തോഷം വന്നാലും വിഷമം വന്നാലും എലിസബത്തിനെ തന്നെയാണ് വിളിക്കാറ്.

എലിസബത്തിന്റെ കയ്യില്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. ആദ്യം ഒന്ന് ആലോചിക്കും, അപ്പോള്‍ ഞാന്‍ മിണ്ടാതെ നോക്കി നില്‍ക്കും. അപ്പോള്‍ എലിസബത്ത് പറയും നമുക്കത് ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാമെന്നൊക്കെ. എലിസബത്തിന്റെ നിര്‍ദേശങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ല. സിനിമയുടെ ഒരുവിധ എല്ലാ പ്രോസസും അവള്‍ക്കിപ്പോള്‍ അറിയാം. കാരണം എല്ലാ ഘട്ടത്തിലും നമ്മുടെ കൂടെയുണ്ടാകാറുണ്ടല്ലോ,’ ബേസില്‍ ജോസഫ് പറഞ്ഞു.

നടന്‍ ടൊവിനോ തോമസുമായിട്ടുള്ള തന്റെ അടുപ്പത്തെ കുറിച്ചും ബേസില്‍ സംസാരിച്ചു.

‘ദര്‍ശന, ടൊവി, എന്റെ വൈഫ് ഇവരുടെയൊക്കെ മെയിന്‍ പണി എന്റെ വീഡിയോ എടുത്ത്, അത് വെച്ചിട്ട് എന്നെ ഭീക്ഷണിപ്പെടുത്തുക എന്നുള്ളതാണ്. ഇങ്ങനത്തെ പരിപാടികളൊക്കെ ഇവര്‍ സ്ഥിരമായി ചെയ്യും. ടൊവിനോയുടെ കയ്യിലൊക്കെ എന്റെ കുറേ വീഡിയോസുണ്ട്. പഴം കഴിക്കുന്ന വീഡിയോയൊക്കെ മിന്നല്‍ മുരളിയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്തുള്ളതായിരുന്നു,’ ബേസില്‍ പറഞ്ഞു.

content highlight: basil joseph about his wife and family