സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് കാറ്റലോണിയൻ കരുത്തൻമാരായ ബാഴ്സ.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലീഗിൽ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുകയാണ് ബാഴ്സലോണ.
എന്നാലിപ്പോൾ ബാഴ്സലോണയിലേക്ക് അവരുടെ സൂപ്പർ താരം മെസിയെ തിരികെ കൊണ്ട് വരാനായി രണ്ട് സൂപ്പർ താരങ്ങളെ വിൽക്കാൻ ബാഴ്സ തയ്യാറെടുക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എൽ നാഷണലാണ് മെസിയെ കൊണ്ട് വരാനായി ബാഴ്സ റാഫീഞ്ഞയേയും മെസിയുടെ പിൻഗാമി എന്ന് പേര് കേട്ടിരുന്ന അൻസു ഫാറ്റിയേയും വിൽക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ജൂണിൽ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി തുടർന്ന് ഫ്രീ ഏജന്റ് ആയി മാറും, ഇതോടെയാണ് താരത്തെ സ്വന്തമാക്കാനായി ബാഴ്സ ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബാഴ്സയിൽ സാവിയുടെ കളി ശൈലിക്ക് യോജിക്കാത്ത താരങ്ങൾ എന്ന് ക്ലബ്ബ് മാനേജ്മെന്റിന് അഭിപ്രായമുള്ളതിനാലാണ് റാഫീഞ്ഞ, അൻസു ഫാറ്റി എന്നിവരെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.
പിന്നീട് മുന്നേറ്റ നിരയിലേക്ക് പി.എസ്.ജിയിൽ നിന്നും മെസിയേയെത്തിക്കാം എന്നാണ് ബാഴ്സലോണയുടെ തീരുമാനം.
കൂടാതെ സാവിയുടെ കളി ശൈലിക്ക് അനുസൃതമായി ക്ലബ്ബിൽ സ്‌ക്വാഡിനെ തയ്യാറാക്കുന്നതിന്റെ ഭാഗമായി നിരവധി പ്ലെയേഴ്സിനെ ഒഴിവാക്കാനും പകരം താരങ്ങളെ ക്ലബ്ബിലെത്തിക്കാനും ബാഴ്സക്ക് ആഗ്രഹമുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം ലാ ലിഗയിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.