യൂറോപ്പാ ലീഗിലെ പ്രീ ക്വാർട്ടർ ക്വാളിഫിക്കേഷൻ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയെ തകർത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2-2 സമനിലയിൽ അവസാനിച്ച ആദ്യപാദ മത്സരത്തിന് ശേഷം ഓൾഡ് ട്രാഫോർഡിൽ വെച്ച് നടന്ന നിർണായകകമായ രണ്ടാം പാദ മത്സരത്തിൽ ആദ്യം ഗോൾ നേടി മുന്നിലെത്താൻ സാധിച്ചെങ്കിലും പിന്നീട് രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി ബാഴ്സ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.
മത്സരം 18 മിനിട്ട് പിന്നിട്ടപ്പോൾ അനുവദിച്ചു കിട്ടിയ പെനാൽട്ടി റോബർട്ടോ ലെവൻഡോസ്കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സക്ക് മത്സരത്തിൽ ലീഡ് ലഭിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന യുണൈറ്റഡ് ബാഴ്സയെ രണ്ട് ഗോളടിച്ച് യൂറോപ്പയിൽ നിന്നും പുറത്താക്കുകയായിരുന്നു.
ബ്രസീലിയൻ താരങ്ങളായ ഫ്രഡ്, ആന്റണി എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയ ഗോളുകൾ സ്വന്തമാക്കിയത്.
എന്നാലിപ്പോൾ മൽസരത്തിനിടെ ബാഴ്സലോണ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച ഒരു ട്വീറ്റിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കാറ്റലോണിയൻ ക്ലബ്ബ് പരിഹാസമേറ്റുവാങ്ങുകയാണ്. കളി പതിനെട്ട് മിനിട്ട് പിന്നിട്ടപ്പോൾ ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽട്ടി ക്ലബ്ബിന്റെ പോളിഷ് സൂപ്പർ താരമായ റോബർട്ടോ ലെവൻഡോസ്കി ഗോളാക്കി മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ ലെവൻഡോസ്കി കൃഷി തോട്ടത്തിൽ ഇരിക്കുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ‘കൃഷിയിടത്തിൽ ജോലി ചെയ്യുന്നു എന്ന ക്യാപ്ഷനിൽ ബാഴ്സലോണ പങ്കുവെച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫാൻസ് ലാ ലിഗയെ ഫാർമേഴ്സ് ലീഗ് (കണ്ടം ലീഗ്) എന്ന് വിശേഷിപ്പിക്കുന്നതിന് പകരമായി പ്രീമിയർ ലീഗാണ് ഫാർമേഴ്സ് ലീഗെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബാഴ്സലോണയുടെ ട്വീറ്റിന്റെ ഉള്ളടക്കം.
എന്നാൽ ട്വീറ്റിന് പിന്നാലെ യുണൈറ്റഡ് രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് മത്സരം ജയിച്ചപ്പോൾ യുണൈറ്റഡ് ആരാധകർ ട്രോൾ ചൂണ്ടിക്കാട്ടി ബാഴ്സക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസം ഉതിർക്കുകയായിരുന്നു.
അതേ സമയം പ്രീമിയർ ലീഗിൽ നിലവിൽ 24മത്സരങ്ങളിൽ നിന്നും 49 പോയിന്റോടെ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മാൻ യുണൈറ്റഡ്, ഫെബ്രുവരി 24ന് ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡിനെയാണ് അടുത്തതായി നേരിടുക.