ബാഴ്സ താരങ്ങൾക്കെല്ലാം ഇനി റൊണാൾഡോയുടെ കരുത്തുണ്ടാവും; പുതിയ നീക്കവുമായി കറ്റാലൻമാർ
Football
ബാഴ്സ താരങ്ങൾക്കെല്ലാം ഇനി റൊണാൾഡോയുടെ കരുത്തുണ്ടാവും; പുതിയ നീക്കവുമായി കറ്റാലൻമാർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 8:52 pm

 

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. സാവിയുഗത്തിന് ശേഷം പുതിയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിന്റെ നേതൃത്വത്തിലാണ് കറ്റാലന്‍ പട ഈ സീസണില്‍ പോരാട്ടത്തിനിറങ്ങുന്നത്.

ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തുനിന്നും ഒരു പിടികിരീടങ്ങള്‍ നേടിക്കൊണ്ട് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഹാന്‍സി ഫ്‌ലിക്ക് ജര്‍മനിയില്‍ നടത്തിയ പോരാട്ടവീര്യങ്ങള്‍ ക്യാമ്പ്നൗവിലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഇപ്പോഴിതാ പുതിയ സീസണിനു മുന്നോടിയായി പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളില്‍ ഉപയോഗിച്ചിക്കുന്ന ക്രയോ തെറാപ്പി രീതി ബാഴ്‌സയില്‍ നടപ്പിലാക്കാന്‍ ഹാന്‍സി ഫ്‌ലിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രയോ തെറാപ്പി പ്രകാരം ഫുട്‌ബോള്‍ താരങ്ങള്‍ -10 മുതല്‍ -60 ഡിഗ്രി സെല്‍ഷ്യസ് താപനിലയ്ക്ക് താഴെ നിലനില്‍ക്കണം. ഈ തെറാപ്പി ചെയ്യുന്നതുമൂലം പരിക്കില്‍ നിന്നും തിരിച്ചുവരാനും വേദനകള്‍ ഒഴിവാക്കാനും സാധിക്കും.

ബാഴ്‌സലോണയുടെ പരിശീലനത്തില്‍ ജര്‍മന്‍ മാനേജര്‍ ഈ രീതി നടപ്പിലാക്കുമെന്നാണ് ബാഴ്‌സ ന്യൂസ് നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‌സയുടെ സ്പാനിഷ് യുവതാരങ്ങളായ പെട്രി ഗാവി തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ സീസണുകളില്‍ പരിക്കിന്റെ പിടിയിലായിരുന്നു.

അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പുതിയ തെറാപ്പി രീതി നടപ്പിലാക്കുന്നതിലൂടെ ഒരു പരിധിവരെ ടീമിലെ താരങ്ങള്‍ക്കേൽക്കുന്ന പരിക്ക് ഇല്ലാതാക്കാനും ഇത് കളിക്കളത്തില്‍ ടീമിനെ മികച്ച പ്രകടനം നടത്താനും സഹായകമാകും.

അതേസമയം പ്രീ സീസണ്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ബാഴ്‌സലോണ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനാണ് ഹാന്‍സി ഫ്‌ലിക്കിന്റെയും കൂട്ടരുടെയും എതിരാളികള്‍.

 

Content High;light: Barcelona FC Followed Cristaino Ronaldo Therapy Method in Football