Daily News
ബാംഗ്ലൂര്‍ സ്‌ഫോടന കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 24, 03:42 am
Tuesday, 24th November 2015, 9:12 am

thadiyantavide-nazeer

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മൊഴി നല്‍കാതിരിക്കാനായി തടിയന്റവിട നസീറിന്റെ കൂട്ടാളി ഷഹനാസ് അടങ്ങുന്ന സംഘം സാക്ഷിയെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചതായി പൊലീസ്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും പോലീസ് പറഞ്ഞു.

മൊഴി നല്‍കാതിരിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഖത്തറിലേക്ക് കടത്തി. തടിയന്റവിട നസീറിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഷഹനാസും കൂട്ടാളിയുമാണെന്ന് പോലീസ് വ്യക്തമാക്കി.

കൊച്ചി പോലീസ് ബാംഗ്ലൂരിലെത്തി ഷഹനാസിനെ ചോദ്യം ചെയും.  മൊഴിമാറ്റാന്‍ സ്വാധീനിച്ച സംഭവത്തില്‍ പരാതിയില്ലെന്നും കേസുമായി സഹകരിക്കില്ലെന്നും കണ്ണൂര്‍ സ്വദേശി അറിയിച്ചതായി പൊലീസ് പറഞ്ഞു.

ഷഹനാസിന്റെ ബാഗില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ അഞ്ച് സാക്ഷികളുടെ പേരുകളാണുളളത്. ഇവര്‍ ഇപ്പോള്‍ കേരളത്തിലില്ല. ഇതില്‍ ചിലര്‍ക്ക് പണം നല്‍കിയും ചിലരെ ഭീഷണിപ്പെടുത്തിയുമാണ് മൊഴിമാറ്റാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.

അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി കൊച്ചി പൊലീസ് ചോദ്യംചെയ്യും.