Kerala
പുതുക്കി പണിത മസ്ജിദിലേക്ക് പ്രസംഗ പീഠം ഉപഹാരമായി നല്‍കി ക്ഷേത്ര കമ്മറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 27, 09:19 am
Tuesday, 27th April 2021, 2:49 pm

ബാലുശ്ശേരി: പുതുക്കി പണിത മസ്ജിദിലേക്ക് പ്രസംഗ പീഠം ഉപഹാരമായി നല്‍കി ക്ഷേത്ര കമ്മറ്റി. കോഴിക്കോട് ബാലുശ്ശേരിയിലെ അവിടനല്ലൂര്‍ മസ്ജിദ് ത്വാഹയിലേക്കാണ് സമീപത്തെ ചുണ്ടലി ശിവക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കിയത്.

35 വര്‍ഷം മുമ്പ് പണിതതാണ് അവിടനല്ലൂര് മസ്ജിദ് ത്വാഹ. പള്ളിക്ക് തൊട്ടടുത്ത് തന്നെയാണ് ചുണ്ടലി ശിവക്ഷേത്രവും.

അവിടനല്ലൂര്‍ മസ്ജിദ് ത്വാഹയുടെ പണി പൂര്‍ത്തിയായപ്പോള്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പ്രസംഗ പീഠവുമായി പള്ളിയിലേക്ക് എത്തുകയായിരുന്നു. പള്ളിക്കമ്മറ്റി ഭാരവാഹികള്‍ ക്ഷേത്രഭാരവാഹികളെ പള്ളിയിലേക്ക് സ്വീകരിച്ചു.

അമ്പലക്കമ്മിറ്റി പ്രസംഗപീഠം തന്നത് തങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണെന്നും വളരെ ആത്മാര്‍ത്ഥമായി തന്നെ തങ്ങള്‍ അവരില്‍ നിന്നും ഇത് സ്വീകരിക്കുകയാണെന്നും പള്ളികമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ ക്ഷേത്രത്തിലേക്കുള്ള വഴിക്ക് വേണ്ടി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് പള്ളികമ്മിറ്റിയായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവിടുത്തെ മുസ്‌ലീം സഹോദരന്മാര്‍ വളരെയധികം സഹകരിക്കുകയും ക്ഷേത്രത്തിലേക്കുള്ള റോഡ് വെട്ടാനുള്ള സൗകര്യം നല്‍കുകയും അന്ന് സ്ഥലം വിട്ടുനല്‍കുകയും ചെയ്തിരുന്നെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും പറഞ്ഞു. വളരെയേറെ സന്തോഷത്തോടെയാണ് പള്ളിയിലേക്കുള്ള പ്രസംഗ പീഠം കൈമാറിയതെന്നും ഇവര്‍ പറഞ്ഞു.

പള്ളിയിലേക്കുള്ള ക്ലോക്ക് പ്രദേശത്തെ അയല്‍പക്കവേദി കൂട്ടായ്മയാണ് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Balussery masjid gets pulpit from temple committee