ഒരു കുട്ടിയുടെ രക്ഷിതാവിന് മാത്രമാണ് പരാതിയുണ്ടായിരുന്നത്, ആ കുട്ടിയും പാന്റും ഷര്‍ട്ടും ധരിച്ചാണ് വന്നത്; മദര്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ
Kerala News
ഒരു കുട്ടിയുടെ രക്ഷിതാവിന് മാത്രമാണ് പരാതിയുണ്ടായിരുന്നത്, ആ കുട്ടിയും പാന്റും ഷര്‍ട്ടും ധരിച്ചാണ് വന്നത്; മദര്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 9:24 pm

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ആവേശത്തോടെയാണ് വരവേറ്റതെന്ന് മദര്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ.

കുട്ടികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ ആശയം നടപ്പാക്കുന്നത്. യൂണിഫോം പരിഷ്‌ക്കരണം സ്‌കൂളില്‍ നടപ്പാക്കുമ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാര്‍ഥികളില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അവരുടെ പ്രതികരണം.

പദ്ധതി നടപ്പാക്കുമ്പോള്‍ ഒരു രക്ഷിതാവ് മാത്രമാണ് പരാതിയുമായി വന്നത്. ആ രക്ഷിതാവിന്റെ കുട്ടിയും പാന്റും ഷര്‍ട്ടും ധരിച്ചാണ് ഇന്ന് വന്നതെന്നും അവര്‍ പറഞ്ഞു. എസ്.എസ്.എഫിന്റെ ബാനര്‍ പിടിച്ചാണ് അവിടെ സമരം നടന്നതെന്നും അവര്‍ പറഞ്ഞു.

‘ജെന്‍ഡര്‍ യൂണിഫോം നടപ്പാക്കുമ്പോള്‍ തന്നെ ഏത് രീതിയിലും വസ്ത്രം ധരിക്കാനുള്ള അധികാരം കൂടി അധികൃതര്‍ നല്‍കുന്നുണ്ട്. ഒരു രക്ഷിതാവ് തന്റെ കുട്ടിക്ക് കോട്ടിട്ട് വന്നൂടെ എന്ന അഭിപ്രായവുമായി എത്തിയിരുന്നു.

അപ്പോള്‍ കോട്ട് ധരിച്ച് വരേണ്ടവര്‍ക്ക് അങ്ങനേയും വരാം എന്നാണ് അധികൃതര്‍ അഭിപ്രായം പറഞ്ഞത്. ഈ പരാതി ഉന്നയിച്ച രക്ഷിതാവിന്റെ കുട്ടിയും പാന്റും ഷര്‍ട്ടും ധരിച്ചാണ് സ്‌കൂളിലെത്തിയത്,’ അഡ്വ. അഭിജ പറഞ്ഞു.

അതേസമയം, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും അതാത് സ്‌കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍(മിക്സെഡ് സ്‌കൂള്‍). പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Balussery Govt. school’s Mother PTA President Adv. Abhija’s responds in Gender Neutral Uniform Idea