national news
പി.ടി.ഉഷ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചു; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുമെന്ന് കരുതിയില്ല: ബജ്‌റംഗ് പൂനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 27, 02:30 pm
Thursday, 27th April 2023, 8:00 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ റെസ്‌ലിങ്ങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ബജ്‌റംഗ് പൂനിയ. പി.ടി.ഉഷ തെരുവില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത പ്രതികരണം നടത്തുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

പി.ടി.ഉഷയുടെ പിന്തുണയും ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ച് പി.ടി. ഉഷ വ്യാഴാഴ്ച രംഗത്ത് വന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമാണെന്നാണ് പി.ടി.ഉഷ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നു. മൂന്ന് ജൂനിയര്‍ വനിതാ ഗുസ്തിക്കാര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനെതിരെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരഞ്ജീത് മാലിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലൈംഗിക പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ഞായറാഴ്ചയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.

സാക്ഷി മാലിക്കും വിനേഷ് ഫോഗാട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം പിന്‍വലിച്ചത്.

content highllight: bajrang puniya against pt usha