‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തില്‍ നായികയായി എത്തിയത് നടി അപര്‍ണ ബാലമുരളിയാണ്. ബാഹുല്‍ രമേശ് തിരക്കഥ ഒരുക്കിയ സിനിമയില്‍ ആസിഫ് അലിയാണ് നായകന്‍.
അപര്‍ണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. സിനിമയില്‍ ആസിഫ് അലി അജയചന്ദ്രനായും അപര്‍ണ ബാലമുരളി അപര്‍ണയെന്ന കഥാപാത്രമായുമാണ് എത്തിയത്.
ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചതെങ്കിലും പരസ്പരമുള്ള ഇന്റിമസി സീനുകള്‍ കുറവായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തായ ബാഹുല്‍ രമേശ്. ജിഞ്ചര്‍ മീഡിയ എന്റടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ അജയന്റെയും അപര്‍ണയുടെയും ബാക്ക് സ്‌റ്റോറി കാണിക്കണമെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ഞാന്‍ ചിന്തിച്ചത്, ഈ സിനിമയില്‍ അവസാനം പറയുന്ന നരേറ്റിവിന് ശേഷമായിരിക്കാം ഇരുവരും തമ്മില്‍ ഇന്റിമേറ്റ് ആയിട്ടുള്ള റിലേഷന്‍ഷിപ്പ് തുടങ്ങുന്നതെന്നാണ്.
ഏറ്റവും കോറില്‍ നില്‍ക്കുന്ന പരസ്പരമുള്ള അണ്ടര്‍സ്റ്റാന്‍ഡിങ് അവരില്‍ വരുന്നത് സിനിമയുടെ അവസാനമാണ്. ക്ലൈമാക്‌സിന് ശേഷമുള്ള അവരുടെ ജീവിതം കുറച്ചുകൂടെ ഇന്റിമേറ്റ് ആയിരിക്കാം. സിനിമ ചെയ്യുമ്പോള്‍ മനപൂര്‍വം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.
സിനിമയില്‍ എവിടെയും അവര്‍ തമ്മില്‍ ചെറിയ രീതിയില്‍ പോലും ഒരു ടച്ച് വന്നിട്ടില്ല. രണ്ടുപേരും പരസ്പരം കയ്യില്‍ പിടിക്കുക പോലും ചെയ്തിട്ടില്ല. അങ്ങനെയൊരു ടച്ച് ഉണ്ടാകരുതെന്ന് കരുതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ ആക്‌സിഡന്റലി എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല.
വിസിബിളിയുള്ള ടച്ചോ ഒരു കൈ പിടിക്കലോ വേണ്ടെന്ന് ആദ്യമേ തന്നെ തോന്നിയിരുന്നു. പിന്നെ സിനിമയില്‍ ആദ്യമായി അവര് ടച്ച് ചെയ്യുന്നത് ടെയില്‍ എന്‍ഡിലാണ്. സിനിമയിലെ എല്ലാ കാര്യങ്ങളും കണ്‍ക്ലൂഡായി വരുന്ന ഒരു സ്റ്റേജിലായിരുന്നു.
അപര്‍ണ ആസിക്കയുടെ തോളത്ത് കൈ പിടിച്ചു നില്‍ക്കുന്ന ഒരു മൊമന്റിലാണ് അവരുടെ ഫസ്റ്റ് ടച്ച് കാണിക്കുന്നത്. അത് മാത്രമാണ് അവര്‍ പരസ്പരം ടച്ച് ചെയ്യുന്ന സീനെന്നാണ് എനിക്ക് തോന്നുന്നത്. അത് ഞാന്‍ കൂടെയുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയുള്ളതായിരുന്നു,’ ബാഹുല്‍ രമേശ് പറഞ്ഞു.
Content Highlight: Bahul Ramesh Talks About Kishkindha Kaandam Movie