തമാശ, നിരാശ, മലയാള സിനിമയിലെ ബാച്ച്‌ലര്‍ ലൈഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൗമാരത്തില്‍ നിന്നും യൗവനത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ. അവര്‍ ഒരുമിച്ചൊരു വീട്ടില്‍ താമസിച്ചാല്‍ എന്താണ് സംഭവിക്കുക. തമാശയും നിരാശയും പരിഭവങ്ങളും പ്രതീക്ഷകളും ഒരുമിച്ച് പങ്കിട്ട് ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതം എന്നും മലയാള സിനിമക്ക് ഇഷ്ട വിഷയം തന്നെയാണ്.

അത്തരത്തില്‍ കഥ പറയുന്ന ജിത്തു മാധവ് സംവിധാനം ചെയ്ത രോമാഞ്ചം തിയേറ്ററുകളില്‍ പ്രേക്ഷനെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും യാത്ര തുടരുകയാണ്. ബെംഗളൂരു നഗരത്തിലെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. അവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ ചില നിമിഷങ്ങളിലൂടെയും പേടിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങളിലൂടെയും പ്രേക്ഷക ഹൃദയത്തിലേക്ക് സിനിമ വേഗം സഞ്ചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരുമിച്ച് താമസിക്കുന്ന ചെറുപ്പക്കാരുടെ കഥ ആദ്യമായിട്ടല്ല മലയാളത്തില്‍ വരുന്നത്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമയുടെ സ്ഥിരം പ്രമേയമായിരുന്നു ഇത്. സിദ്ദീഖ്, ജഗദീഷ്, മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരുടെ ഒരുകാലത്തെ സിനിമകള്‍ പരിശോധിച്ചാല്‍ ഇത് നമുക്ക് വ്യക്തമാകും.

മലയാളത്തിലിറങ്ങിയ ബാച്ച്‌ലര്‍ ജീവിതം പറയുന്ന സിനിമകള്‍ എല്ലായ്‌പ്പോഴും തമാശയുടെ അരിക് പിടിച്ചാണ് സഞ്ചരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രേത്യേകിച്ച്, അത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയുന്നത് കൊണ്ട് തന്നെ ഈ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതായത് ബാച്ച്‌ലര്‍ ജീവിതത്തിന് മലയാള സിനിമയിലൊരു പ്രത്യേക മാര്‍ക്കറ്റ് തന്നെയുണ്ട്.

ഇത്തരം യൗവ്വന കഥകള്‍ പറഞ്ഞ് അടുത്തിടെ മലയാളത്തിലിറങ്ങിയ ചില സിനിമകള്‍ നമുക്കൊന്ന് നോക്കാം.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രേമം. വലിയ തോതില്‍ ആഘോഷിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ജോര്‍ജ് എന്ന ചെറുപ്പക്കാരനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് മുമ്പോട്ട് പോകുന്ന സിനിമയില്‍ ക്ഷുഭിത യൗവ്വനത്തെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അവിടെയും സുഹൃത്തുക്കള്‍ ഒരുമിച്ച് താമസിക്കുന്ന ഒരു വീട് കാണിക്കുന്നുണ്ട്.

ആ വീടിന് സിനിമയില്‍ അത്രയധികം പ്രാധാന്യം നല്‍കുന്നില്ല. എങ്കില്‍ കൂടിയും വെള്ളമടിയും ചീട്ടുകളിയുമൊക്കെ നടക്കുന്നത് അവിടെയാണ്. ഒരു സീനിലെങ്കിലും ആ വീടും അവിടുത്തെ ഒരു രീതിയുമൊക്കെ കാണിച്ച് പോകുന്നുണ്ട്.

പഠിക്കാനായി ബെംഗളൂരിലെത്തി എന്നാല്‍ വാങ്ങികൂട്ടിയ സപ്ലികള്‍ എഴുതി തീര്‍ക്കാന്‍ കഴിയാതെ അവിടെ തന്നെ സ്ഥിരതാമസമാക്കേണ്ടി വന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ സിനിമയാണ് ആസിഫ് അലി നായകനായ ബി ടെക്. ജീവിതത്തില്‍ എങ്ങുമെത്താതെ, താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ അലസമായി ജീവിതം നയിക്കുന്ന യുവാക്കളാണ് ആ സിനിമയിലെ പ്രധാനികള്‍. തന്റെ യൗവ്വനത്തില്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ നിരവധിയാളുകള്‍ നമുക്കിടയില്‍ തന്നെയുണ്ടല്ലോ.

2022ല്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’. ബാച്ച്‌ലര്‍ ലൈഫിനെ കുറേക്കൂടി യഥാര്‍ത്ഥമായി അവതരിപ്പിച്ച സിനിമയായിരുന്നു അത്. അച്ചടക്കമില്ലാത്ത, നിയന്ത്രിക്കാന്‍ ആരുമില്ലാത്ത ജീവിതം. വീടിന്റെയും വീട്ടുകാരുടെയും നിയന്ത്രണങ്ങളില്ലാതെ ജീവിതം ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് അവിടെ പറയുന്നത്.

കൂട്ടത്തില്‍ എല്ലാവര്‍ക്കും വരുമാനമുണ്ടാകില്ല അല്ലെങ്കില്‍ എല്ലാവരുടെയും കയ്യില്‍ പണമുണ്ടാകില്ല തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇത്തരം ഒരുമിച്ച് താമസിക്കലുകളില്‍ സ്ഥിരം സംഭവങ്ങളാണ്. അതും കൃത്യമായി വിനീത് പകര്‍ത്തിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലൊക്കെ പഠിക്കാന്‍ പോയിട്ടുള്ളവര്‍ക്ക് ഈ സിനിമ വളരെയധികം കണക്ട് ചെയ്യാന്‍ പറ്റും.

ഇത്തരത്തില്‍ ബാച്ച്‌ലര്‍ ജീവിതം പ്രമേയമാക്കി 2022ല്‍ തന്നെ പുറത്തിറങ്ങിയ ടൊവിനോ സിനിമയാണ് ‘ഡിയര്‍ ഫ്രണ്ട്’. ജോലിയും പഠനവും മറ്റുമായി ബെംഗളൂരു നഗരത്തില്‍ താമസിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ തന്നെയാണ് അവിടെയും പ്രധാന കഥാപാത്രങ്ങളായി വരുന്നത്. എന്നാല്‍ പൊതുവെ മലയാളി കണ്ട് ശീലിച്ച ബാച്ച്‌ലര്‍ കഥകളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഡിയര്‍ ഫ്രണ്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.

നമ്മള്‍ മുമ്പ് പറഞ്ഞ സിനിമകളൊക്കെ പറയുന്നത് വീടെടുത്ത് മാറി താമസിക്കുന്ന യുവാക്കളെ കുറിച്ചാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, അതിമനോഹരമായി ഹോസ്റ്റല്‍ ജീവിതം പറഞ്ഞ ഒരു സിനിമകൂടി മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അടി കപ്യാരെ കൂട്ടമണിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. മലയാളത്തില്‍ ഇത്ര മനോഹരമായി അല്ലെങ്കില്‍ ഇത്ര കൃത്യമായി ബോയ്‌സ് ഹോസ്റ്റല്‍ കഥകള്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്.

ഇനി രോമാഞ്ചത്തിലേക്ക് തന്നെ തിരിച്ച് വരുമ്പോള്‍, ഈ പറഞ്ഞ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചെറുപ്പക്കാരുടെ ജീവിതത്തെ ഒരു ക്യാമറയിലെന്നപോലെ പകര്‍ത്തി വെച്ചിരിക്കുകയാണ്. ഒരുമിച്ച് താമസിക്കുന്നവര്‍ക്കിടയില്‍ ഒരാള്‍ കാരണവരായി മാറുന്നതും, കൂട്ടത്തില്‍ കുറച്ച് പേര്‍ക്ക് മാത്രം ജോലിയുണ്ടാവുന്നതും, വീട്ടിലെ ജോലികള്‍ പരസ്പരം പങ്കിട്ടെടുക്കുന്നത് വരെ യഥാര്‍ത്ഥ ജീവിതവുമായി വളരെയധികം ചേര്‍ന്നാണ് സിനിമ സഞ്ചരിക്കുന്നത്.

ചെറുപ്പക്കാരുടെ ജീവിതവും ഒരുമിച്ചുള്ള അവരുടെ താമസവുമൊക്കെ പറയുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് കരിക്കിന്റെ തേരാ പാരാ സീരീസ്. തേരാ പാരാ വെബ്സീരീസിന്റെ ലൈനിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവ് രോമാഞ്ചത്തെ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഒരുവേള തോന്നാം. എന്നാല്‍ രോമാഞ്ചം സിനിമക്ക് കരിക്കുമായി സാമ്യമുണ്ടന്നോ തേരാ പാരയുടെ കോപ്പിയാണന്നോ ഒന്നും പറയാന്‍ കഴിയില്ല. സിറ്റുവേഷണല്‍ കോമഡിയും സ്വാഭാവിക അഭിനയവുമാണ് കരിക്കിന്റെ വിജയ ഫോര്‍മുല അത് തന്നെയാണ് ഇവിടെ ജിത്തുവും പിന്തുടരുന്നത്.

ആദ്യം പറഞ്ഞതുപോലെ മലയാള സിനിമ എക്കാലവും പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ഒന്നാണ് ബാച്ച്‌ലര്‍ ജീവിതം. ഏത്‌ ഴോണറിലുള്ള സിനിമയാണെങ്കിലും ചെറുപ്പക്കാരിലൂടെയാണ് കഥ പറയുന്നതെങ്കില്‍ അതിന് എപ്പോഴും സാധ്യതകളേറെയാണ്. എല്ലാ കാലഘട്ടത്തിലും ഇത്തരം കഥകള്‍ സിനിമക്ക് വിഷയമാകാറുണ്ട്. ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറുന്നു എന്നുമാത്രമാണ് അവയില്‍ വരുന്ന വ്യത്യാസം.

CONTENT HIGHLIGHT: BACHELOR LIFE IN MALAYALAM CINEMA