ജോജിയിലെ ഡയലോഗ് കാരണം ഏറ്റവും ഗുണമുണ്ടായത് ബേസിലിനാണ്: ബാബുരാജ്
Entertainment
ജോജിയിലെ ഡയലോഗ് കാരണം ഏറ്റവും ഗുണമുണ്ടായത് ബേസിലിനാണ്: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 12:43 pm

ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോജി. 2021ല്‍ ഒ.ടി.ടി റിലീസായെത്തിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രത്തില്‍ ബാബുരാജും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. താരത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെര്‍ഫോമന്‍സായിരുന്നു ജോജിയിലെ പനച്ചേല്‍ ജോമോന്‍.

എന്നാല്‍ ആ സിനിമ കാരണം തന്നെക്കാള്‍ കൂടുതല്‍ ഗുണമുണ്ടായത് ബേസിലിനാണെന്ന് ബാബുരാജ് പറഞ്ഞു. അതുവരെ കോമഡി മാത്രം ചെയ്തുകൊണ്ടിരുന്ന ബേസില്‍ ജോജിക്ക് ശേഷം നായകനായിട്ടാണ് എല്ലാ സിനിമയിലും അഭിനയിച്ചതെന്നും ബാബുരാജ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം പറഞ്ഞത്.

ജോജിയില്‍ നിയമപരമായും കായികപരമായും എന്ന് തുടങ്ങുന്ന ഡയലോഗായിരുന്നു തനിക്ക് ഏറ്റവും പ്രയാസമെന്നും നാലഞ്ച് തവണ റീടേക്ക് പോയപ്പോഴും കായികപരമായും നിയമപരമായും എന്നാണ് താന്‍ പറഞ്ഞതെന്നും, ഒടുവില്‍ ശ്യാം പുഷ്‌കര്‍ തന്നോട് അങ്ങനെ മതിയെന്ന് പറഞ്ഞെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

‘ജോജിയിലെ ആ ഡയലോഗ് കാരണം എന്നെക്കാള്‍ കൂടുതല്‍ ഗുണമുണ്ടായത് ബേസിലിനാണ്. അതുവരെ കോമഡി നടന്റെ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ബേസില്‍ ജോജിക്ക് ശേഷമാണ് നായകനായി അഭിനയിച്ചു തുടങ്ങിയത്. ദിലീഷും ശ്യാം പുഷ്‌കറുമൊക്കെ പിന്നീട് നിര്‍മിച്ച സിനിമയില്‍ ബേസിലായിരുന്നല്ലോ നായകന്‍. സിനിമ ഓരോരുത്തരുടെ ജീവിതത്തിലും കൊണ്ടുവരുന്ന മാജിക്കാണ് അതൊക്കെ.

ജോജിയില്‍ വാണിങ് കൊടുക്കുന്ന സീന്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല, ‘ഇനിയങ്ങനെ പറയുന്നവരെ നിയമപരമായും കായികപരമായും നേരിടാനാണ് തീരുമാനം’ എന്നാണ് ശ്യാം എഴുതിവെച്ചിരിക്കുന്നത്. പക്ഷേ ഞാന്‍ അത് പറഞ്ഞപ്പോള്‍ കായികപരമായും എന്നുള്ളത് ആദ്യം കേറി വന്നു. നാലഞ്ച് ടേക്കെടുത്തപ്പോഴും ഇതു തന്നെ അവസ്ഥ. ദിലീഷ് ശ്യാമിനോട് ‘ഇതെന്താ ഇങ്ങനെ’ എന്ന് ചോദിച്ചപ്പോള്‍ ‘ബാബുരാജേട്ടന്‍ അല്ലെങ്കിലും ആദ്യം കായികപരമായി നേരിട്ടിട്ടല്ലേ നിയമപരമായി നേരിടുള്ളൂ’ എന്ന് പറഞ്ഞ് ഓക്കെയാക്കി,’ ബാബുരാജ് പറഞ്ഞു.

Content Highlight: Baburaj about Basil Joseph and Joji movie