ബാറ്റിങ് ഫോം ആവുമ്പോള്‍, ബൗളിങ് മോശമാവുന്നു: ഞെട്ടിക്കുന്ന തോല്‍വിയില്‍ ബാബര്‍
Cricket
ബാറ്റിങ് ഫോം ആവുമ്പോള്‍, ബൗളിങ് മോശമാവുന്നു: ഞെട്ടിക്കുന്ന തോല്‍വിയില്‍ ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 2:23 pm

ഏകദിന ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഏകദിന മത്സരത്തില്‍ പാക്കിസ്ഥാനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.

ഈ ഞെട്ടിക്കുന്ന തോല്‍വിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ പാക് ടീമിനെതിരെ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയെ കുറിച്ച് പ്രതികരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം.

ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും ബൗളിങ് നിരാശപ്പെടുത്തിയെന്നായിരുന്നുവെന്നും ഫീല്‍ഡിങ് മോശമായിരുന്നുവെന്നുമാണ് ബാബര്‍ പറഞ്ഞത്.

‘ഈ തോല്‍വി ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. 283 എന്ന വലിയ ടോട്ടല്‍ ടീം എടുത്തു. എന്നാല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സ്പിന്നര്‍മാര്‍ നല്ല രീതിയില്‍ പന്തെറിഞ്ഞില്ല. മത്സരത്തില്‍ മിഡില്‍ ഓവറുകളില്‍ വിക്കറ്റുകള്‍ ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. മിഡില്‍ ഓവറുകള്‍ നന്നായിട്ടാണ് തുടങ്ങിയത് എന്നാല്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ലഭിച്ചില്ല. ഓരോ ഓവറുകളിലും ഞങ്ങള്‍ ബൗണ്ടറികള്‍ വഴങ്ങി ഇതെല്ലാം മത്സരത്തില്‍ തിരിച്ചടിയായി,’ ബാബര്‍ പറഞ്ഞു.

മത്സരത്തില്‍ താരങ്ങള്‍ ഫീല്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ബാബര്‍ വിമര്‍ശിച്ചു.

‘ഒരേസമയം ടീമിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ക്ലിക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ബൗളിങ് പരാജയപ്പെടുമ്പോള്‍ ബാറ്റിങ് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. താരങ്ങള്‍ കൂടുതല്‍ ഫിറ്റ്‌നസ് ആവണം. പന്ത് മുന്നിലേക്ക് വരുമ്പോള്‍ മറ്റെല്ലാ ചിന്തകളും അവസാനിപ്പിച്ച് ഫീല്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,’ ബാബര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാബര്‍ അസമും ഷഫീഖും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബാബര്‍ 74 റണ്‍സും ഷഫീക്ക് 58 റണ്‍സും നേടിയപ്പോള്‍ പാക് ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 282 റണ്‍സ് എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അഫ്ഗാനിസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു. പാക് ബൗളിങ് നിരക്ക് അഫ്ഗാന്റെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ചുതുടങ്ങിയ പാകിസ്ഥാന്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. സെമിഫൈനലിലേക്ക് പാകിസ്ഥാന് മുന്നേറണമെങ്കില്‍ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം ഇനി അതില്‍നിര്‍ണായകമാണ്

Content Highlight: Babar Asam talks about the poor performance of Pakistan against afganisthan.