'സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് അഴിമതി ജന്മാവകാശമാണെന്ന് പറയുന്നു'; സിസോദിയയുടെ അറസ്റ്റില്‍ ബി.ജെ.പി നേതാവ്
national news
'സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് അഴിമതി ജന്മാവകാശമാണെന്ന് പറയുന്നു'; സിസോദിയയുടെ അറസ്റ്റില്‍ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 6:57 pm

ന്യൂദല്‍ഹി: മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിക്കെതിരെ ആം ആദ്മി നടത്തിയ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് സുദാന്‍ശു ത്രിവേദി. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറയുന്ന പോലെ അഴിമതി തങ്ങളുടെ ജന്മാവകാശമായാണ്
ആം ആദ്മിക്കാര്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ലോകമാന്യ തിലകിന്റെ പ്രശസ്തമായ, സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന മുദ്രാവാക്യത്തിന് പകരം അഴിമതി ജന്മാവകാശമാണെന്നാണ് ആം ആദ്മിക്കാര്‍ സ്വയം പറഞ്ഞു നടക്കുന്നത്. പ്രതിഷേധങ്ങളിലൂടെ അന്വേഷണ നടപടികള്‍ ഇല്ലാതാക്കാമെന്നാണ്
അവര്‍ കരുതുന്നത്,’ സുദാന്‍ശു ത്രിവേദി പറഞ്ഞു.

കൂട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ കത്തിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

‘ജന്തര്‍മന്ദറില്‍ അഴിമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും. ഇന്ന് കത്ത് നല്‍കാന്‍ കൂടെ കൂട്ടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അന്ന് സമരം ചെയ്തവരാണിവര്‍. എന്നിട്ടിപ്പോള്‍ അഴിമതിക്കാരുടെ ഒപ്പം കൂടി കത്ത് നല്‍കിയിരിക്കുന്നു. ആരെയാണ് അവര്‍ കൂടെ കൂട്ടിയതെന്ന ബോധം അവര്‍ക്ക് വേണ്ടെ?

യു.പി.എ സര്‍ക്കാരിന്റെ കാലത്തും അഴിമതിയാരോപണം നേരിട്ട നിരവധി നേതാക്കന്മാരുണ്ട്. പക്ഷെ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് മോദി അധികാരത്തിലെത്തിയതിന് ശേഷം നടന്ന അന്വേഷണങ്ങളെക്കുറിച്ചാണ്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ അഴിമതി ആരോപണം നേരിട്ട 42 നേതാക്കന്മാരില്‍ 41 പേരും ബി.ജെ.പി.ക്കാരായിരുന്നില്ല. എന്നിട്ടും മോദി രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ച് കൊണ്ട് നടപടിയെടുക്കുന്നുണ്ടെന്ന് പറയാന്‍ നാണമില്ലേ,’ അദ്ദേഹം ചോദിച്ചു.

ഇതിനിടെ മദ്യനയകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി നേതാവ് മനീഷ് സിസോദിയ രണ്ടു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണുള്ളത്. കേസില്‍ മാര്‍ച്ച് പത്തിന് വാദം കേള്‍ക്കുമെന്നാണ് സി.ബി.ഐ കോടതി അറിയിച്ചിരിക്കുന്നത്.

2021ല്‍ ദല്‍ഹി ഉപമുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കിയ മദ്യനയത്തില്‍ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേലാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

കേന്ദസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാണ് ആം ആദ്മി പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് പറഞ്ഞത്. കൂട്ടത്തില്‍ രാജ്യ വ്യാപകമായ പ്രതിഷേധങ്ങളും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Content Highlight: B.J.P leader Sudhanshu Trivedi slams against AAP