ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?; ക്രിസ്ത്യന്‍ പള്ളിയിലെത്തി വര്‍ഗീയത പറഞ്ഞ് ബി. ഗോപാലകൃഷ്ണന്‍
Kerala News
ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?; ക്രിസ്ത്യന്‍ പള്ളിയിലെത്തി വര്‍ഗീയത പറഞ്ഞ് ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th March 2021, 2:13 pm

ഒല്ലൂര്‍: ഒല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ് ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടിയത്.

ക്രൈസ്തവരും മുസ്‌ലിങ്ങളുമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എന്നിട്ടും കേരളത്തില്‍ ഇവരുടെ ജനസംഖ്യക്ക് ആനുപാതികമായി തുല്യമായല്ല അവകാശങ്ങള്‍ വീതിച്ച് നല്‍കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ വീഡിയോ ഗോപാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്‌ലാം സ്വന്തം മതംവളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും തൃശ്ശൂര്‍ ടൗണില്‍ ഇപ്പോള്‍ ഇസ് ലാം വത്കരണമാണ് നടക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും കമ്മ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും നിയന്ത്രിക്കുന്നത് മുസ്‌ലിങ്ങളും ലീഗുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപാലകൃഷ്ണന്റെ വാക്കുകള്‍

‘കേരളത്തിലെ കോണ്‍ഗ്രസിനെ പ്രധാനമായും നയിക്കുന്നത് മുസ്‌ലിം ലീഗോ മുസ്‌ലിങ്ങളോ ആണ്. നിങ്ങള്‍ക്ക് 80 ശതമാനം ആനുകൂല്യങ്ങള്‍ തരാന്‍ സാധിക്കില്ല, ക്രൈസ്തവര്‍ക്ക് കൂടികൊടുക്കണമെന്ന് പറഞ്ഞാല്‍ ലീഗ് അപ്പോള്‍ കോണ്‍ഗ്രസിനെ വിട്ട് പോകും.

ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇസ്ലാമൈസേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോക ക്രൈസ്തവ രാജ്യങ്ങളൊക്കെ ഇസ് ലാം രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. തുര്‍ക്കിയിലെ കാലങ്ങളായുള്ള പള്ളി മാറ്റിയിട്ട് മുസ് ലിം പള്ളിയാക്കി. പക്ഷെ കേരളത്തില്‍ ഇതിനെതിരെ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല.

ബംഗ്ലാദേശില്‍ ബൈബിള്‍ വായിക്കാന്‍ വേണ്ടി കുറുബാനയ്ക്ക് പോയ സ്ത്രീകളെയാണ് വെടിവെച്ച് കൊന്നത്. ഇതിനെതിരെ പ്രതിഷേധിച്ചത് ഞങ്ങള്‍ ബി.ജെ.പിക്കാര്‍ മാത്രമാണ്.നേരെ മറിച്ച് യു.പിയിലോ മധ്യപ്രദേശിലോ റോഡിലൂടെ നടക്കുന്ന എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ബി.ജെ.പിയുടെ പേര് പറഞ്ഞ് കേരളത്തില്‍ പ്രതിഷേധമാണ്. ക്രൈസ്തവ സഭ ബി.ജെ.പിയുമായി ബന്ധപ്പെടരുതെന്നത് കോണ്‍ഗ്രസിന്റെ ഒളിഞ്ഞുകൊണ്ടുള്ള അജണ്ടയാണ്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് ബി.ജെ.പിയാണ്.

ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ വോട്ട് കൊടുത്ത് ജയിപ്പിക്കുകയാണ്. കോണ്‍ഗ്രസ് എപ്പോഴും ഒല്ലൂരില്‍ ക്രൈസ്തവരുടെ വോട്ട് നേടി ജയിക്കും. പക്ഷെ നിയമസഭയില്‍ ഒരക്ഷരം ലവ് ജിഹാദിനെക്കുറിച്ചോ, ന്യൂനപക്ഷങ്ങളുടെ ശതമാനത്തെക്കുറിച്ചോ പറയില്ല.

നിങ്ങള്‍ നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുകയാണ്. തൃശൂര്‍ ടൗണില്‍ വന്നാല്‍ പണ്ട്, 20 വര്‍ഷം മുമ്പൊക്കെ എല്ലാ കടകളിലും ക്രൈസ്തവരായിരുന്നു. ഇന്ന് അതൊക്കെ പൊളിച്ച് ഇസ്‌ലാം വത്കരണം വന്നിരിക്കുന്നു.

സ്വന്തം മതം മാത്രം വളര്‍ത്താനുള്ള ശ്രമമാണ് അവിടെ നടത്തുന്നത്. അതുകൊണ്ട് നശിപ്പിക്കപ്പെടുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമാണ്. നിങ്ങളെ ഞങ്ങള്‍ സഹായിക്കുകയാണ്. പക്ഷെ നിങ്ങള്‍ക്ക് അത് മനസിലാകുന്നില്ല. ഇടതുപക്ഷവും വലതുപക്ഷവും അവരെ സഹായിക്കുകയാണ്.

ജി. സുധാകരന്‍ പറഞ്ഞത്, 2035 ആകട്ടെ, ശരിയാക്കി തരാം. കേരളത്തില്‍ ഇസ്‌ലാം ഭൂരിപക്ഷമാകും കേരളത്തില്‍ എന്നാണ്. കൃത്യം കാല്‍ക്കുലേഷന്‍ ആണ്.

ഫാദറിനെ പോലുള്ളവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കണം. വാസ്തവത്തില്‍ ശത്രുക്കളാര് മിത്രങ്ങളാര് എന്ന് നിങ്ങള്‍ മനസിലാക്കുന്നില്ല. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഞങ്ങളെ നിങ്ങള്‍ സഹായിക്കണം.

അല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുമ്പോള്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദിക്കൂ. നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന, നിങ്ങള്‍ നേരിടാന്‍ പോകുന്ന ഭീഷണിയാണ് ഞാന്‍ പറയുന്നത്. വ്യാവസായിക പരമായിട്ട്, ജനസംഖ്യാ ആനുപാതമായി, വിദ്യാഭ്യാസപരമായി, നിങ്ങളുടെയും ഞങ്ങളുടെയും അവകാശങ്ങള്‍ കൂടി ലഭിച്ചുകൊണ്ടാണ് അവര്‍ വളരുന്നത്.

പള്ളിയില്‍ ബൈബിള്‍ വായിക്കുന്നതിന് സര്‍ക്കാര്‍ അങ്ങേയ്ക്ക് വല്ല പെന്‍ഷനും തരുന്നുണ്ടോ? ഇവിടെ രാമായണമോ മഹാഭാരതമോ വായിക്കുന്നവനും പെന്‍ഷന്‍ ഇല്ല. പിന്നെ എന്തിനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നവര്‍ക്ക് മാത്രം പെന്‍ഷന്‍? ആരുടെ പൈസയാണിത്, നിങ്ങളുടെയും എന്റെയും പൈസയാണ്. 6000 രൂപ ശമ്പളം, അയാളുടെ മകള്‍ക്ക് കല്യാണം കഴിക്കാന്‍ 25 ലക്ഷം രൂപ, അയാള്‍ക്ക് വീട് വെക്കാന്‍ 15 ലക്ഷം..ഇതൊക്കെ നമ്മള്‍ നല്‍കുന്ന ടാക്‌സ് ആണ്. എന്തുകൊണ്ടാണ് ഇതൊന്നും ആരും ചോദ്യംചെയ്യാത്തത്, കാരണം രണ്ട് പക്ഷത്തെയും നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇത് ചോദ്യം ചെയ്താല്‍ അവര്‍ക്ക് ഭരണം പോകും.

നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും പറയാനുള്ളത് പറയാം. ഞങ്ങള്‍ ഈ ഇസ്‌ലാമിക് തീവ്രവാദത്തിനെതിരാണ്. ഞങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ നിങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്,’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: B Gopalakrishnan seeking vote by Islamophobic statement