അതിനാല്‍ സൂക്ഷിച്ചു നോക്കിയാല്‍ ഇന്നത്തെ എല്ലാ മനുഷ്യരും ഏതെങ്കിലും ബുദ്ധിജീവി ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്. അതിനാല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, പിണറായി വിജയനെ ജൈവ ബുദ്ധി എന്നു വിശേഷിപ്പിച്ചതില്‍ ഒരു പാകപ്പിഴയുമില്ല. ഗ്രാംഷിയന്‍ പരികല്‍പ്പനയനുസരിച്ച് പിണറായി വിജയന്‍ മാത്രമല്ല, വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയുമെല്ലാം ബുദ്ധിജീവികളാണ്.
‘എല്ലാ മനുഷ്യരും ബുദ്ധിജീവികളാണ് – അതു കൊണ്ട് ഇങ്ങനെ പറയാം -എന്നാല്‍ എല്ലാവര്‍ക്കും സമൂഹത്തില്‍ ബുദ്ധിജീവി ധര്‍മ്മമില്ല’
(Antonio Gramsci,The prison Notebooks)
ആരാണ് ബുദ്ധിജീവി? ബുദ്ധിജീവിയുടെ കര്‍മ്മങ്ങളെന്ത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ആധുനികരായ നിരവധി ദാര്‍ശനീകന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഈ വിഷയത്തില്‍ ഏറ്റവും ആഴമാര്‍ന്ന നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ഫാസിസ്റ്റ് വിരുദ്ധ പോരാളിയും ഉജ്ജ്വല രാഷ്ട്രീയ ദാര്‍ശനികനുമായിരുന്ന ആന്റോണിയോ ഗ്രാംഷിയാണ്. 1926 മുതല്‍ 1937 വരെ മുസ്സോളിനിയുടെ തടവറയില്‍ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹമെഴുതിയ തടവറക്കുറിപ്പു (The Prison notebooks) കളിലാണ് ബുദ്ധിജീവികളെപ്പറ്റി വിസ്തരിച്ചു പറയുന്നത്.
The prison Notebooks, Antonio Gramsci
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘
സാമൂഹിക സ്ഥിരതയ്ക്കും മാറ്റത്തിനും ഏറ്റവും ഉത്തരവാദിത്തമുള്ള ആളുകളുടെ കൂട്ടമാണ് ബുദ്ധിജീവികള്‍. ജനങ്ങളുടെ ചിന്താരീതികളും പെരുമാറ്റരീതികളും നിലനിര്‍ത്തുന്നതും പരിഷ്‌ക്കരിക്കുന്നതും മാറ്റുന്നവരുമാണ് ബുദ്ധിജീവികള്‍. അവബോധത്തിന്റെ വിതരണക്കാരാണവര്‍ ”
‘ബുദ്ധിജീവികളുടെ വഞ്ചന’ എന്ന വിഖ്യാത പ്രബന്ധം രചിച്ച ജൂലിയന്‍ ബെന്‍ഡാ, ബുദ്ധിജീവികളെ മനുഷ്യരാശിയുടെ മനഃസാക്ഷി തീര്‍ക്കുന്ന ഉന്നത പ്രതിഭാധനരും സന്മാര്‍ഗ വരമുള്ളവരുമായ ദാര്‍ശനികരാജാക്കന്മാരുടെ ഒരു സൂക്ഷ്മ ഗണമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ ബുദ്ധിജീവികളെന്നാല്‍ സ്വന്തം പ്രവൃത്തി അടിസ്ഥാനപരമായി വ്യാവഹാരിക (Practical) ലക്ഷ്യങ്ങളുടെ പിന്‍പറ്റ ലായിത്തീരാതിരിക്കുന്നവര്‍ ആരോ അവരാണ്; ഏതെങ്കിലും കലയുടെയോ ശാസ്ത്രത്തിന്റേയോ അതിഭൗതിക ചിന്തയുടെയോ അനുഷ്ഠാനത്തില്‍- ചുരുക്കിപ്പറഞ്ഞാല്‍ ഭൗതികേതര പ്രയോജനങ്ങളെ സ്വാധീനമാക്കുന്നതില്‍ – ആഹ്‌ളാദം തേടുന്നവരാണ്. അങ്ങനെ ഒരര്‍ത്ഥത്തില്‍ ‘എന്റെ രാജ്യം ഐഹികമല്ല’ എന്നു പറയുന്നവര്‍. (Julien Benda, The treason of the Intellectuals. Trans. Richard Aldington 1928; NewYork 1969).P.43
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: യഥാര്‍ത്ഥ ബുദ്ധിജീവികള്‍ അതിഭൗതിക വികാരത്താലും നീതിയും സത്യവും സംബന്ധിച്ച നിര്‍മമതത്ത്വങ്ങളാലും ആര്‍ദ്രരായി അഴിമതിയെ എതിര്‍ക്കുകയും, വികലമല്ലെങ്കില്‍ മര്‍ദ്ദകമായ അധികാര സ്വരൂപത്തെ ധിക്കരിക്കുകയും ചെയ്യുന്നതിലൂടെ തന്നെയാണ് ആത്മസാക്ഷാത്കാരം കൈവരിക്കുന്നത്.’
സമൂഹത്തില്‍ ബുദ്ധിജീവിധര്‍മ്മം നിര്‍വ്വഹിക്കുന്നവരെ ഗ്രാംഷി പ്രധാനമായും രണ്ടായി തരം തിരിക്കുന്നു. അതിലൊന്ന് പരമ്പരാഗത ബുദ്ധിജീവിക (Traditional Intellectual) കളാണ്. ഗ്രാംഷി, അധ്യാപകരേയും പുരോഹിതരേയും ഭരണാധികാരികളേയുമാണ് ഈ വിഭാഗത്തിന് ഉദാഹരണമായി പറയുന്നത്. തലമുറതലമുറകളായി ഒരു കാര്യം തുടര്‍ന്നു ചെയ്യുന്നവരാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവര്‍. അധ്യാപകരെ പൂര്‍ണമായും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
രണ്ടാമത്തെ വിഭാഗം, ജൈവബുദ്ധിജീവിക (Organic Intellectuals ) ളാണ്. ഇവരെ ഗ്രാംഷി ജയില്‍ കുറിപ്പുകളില്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജൈവ ബുദ്ധിജീവി ഒരു യപ്പിയുടെ (Yuppie) ( നഗരത്തില്‍ നല്ല വേതനം ലഭിക്കുന്ന ജോലി ചെയ്യുകയും ആഡംഭര ജീവിതം നയിക്കുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരനായ ഉദ്യോഗസ്ഥന്‍) നേര്‍വിപരീതമാണ്. അവരുടെ ശ്രദ്ധ തങ്ങള്‍ക്കുവേണ്ടിയല്ല, അവരുടെ വര്‍ഗത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ചാണ്.
പരമ്പരാഗത ബുദ്ധിജീവിയും ജൈവ ബുദ്ധിജീവിയും തമ്മിലുള്ള വ്യത്യാസം ഗ്രാംഷി ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘സത്യത്തിനും യുക്തിക്കും വേണ്ടി നിലകൊള്ളുന്ന, സ്വയംഭരണാധികാരമുള്ളവരും ഭരണസാമൂഹ്യ ഗ്രൂപ്പില്‍ നിന്ന് സ്വതന്ത്രരായി സ്വയം കാണുന്നവരുമാണ് പരമ്പരാഗത ബുദ്ധിജീവികള്‍. ജൈവ ബുദ്ധിജീവികളാകട്ടെ, ഒരു സാമ്പത്തിക ഘടനയ്ക്കുള്ളിലെ ഒരു സാമൂഹിക വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നവരാണവര്‍.
സ്വന്തം താല്‍പര്യങ്ങള്‍ സംഘടിപ്പിക്കാന്‍, കൂടുതല്‍ അധികാരം നേടിയെടുക്കാന്‍, കൂടുതല്‍ നിയന്ത്രണം കരസ്ഥമാക്കാന്‍, ബുദ്ധിജീവികളെ ഉപയോഗിക്കുന്ന വിവിധ വര്‍ഗ്ഗങ്ങളും സംരംഭങ്ങളുമായി നേരിട്ട് കണ്ണി ചേര്‍ക്കപ്പെട്ടവരായി ഗ്രാംഷി ജൈവ ബുദ്ധിജീവികളെ കാണുന്നു. ഗ്രാംഷി പറയുന്നു: വ്യാവസായിക ടെക്‌നീഷ്യനെ, രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധനെ, ഒരു പുത്തന്‍ സംസ്‌ക്കാരത്തിന്റെയും പുതു നിയമ വ്യവസ്ഥയുടെയുമെല്ലാം സംഘാടകരെയും മുതലാളിത്ത സംരംഭകര്‍ തന്നോടൊപ്പം തന്നെ സൃഷ്ടിക്കുന്നു ” (The Prison Notebooks.p.4)
എഡ്വേഡ് സയ്ദ്
ജൈവ ബുദ്ധിജീവികളെപ്പറ്റിയുള്ള ഗ്രാംഷിയുടെ നിരീക്ഷണങ്ങളെ എഡ്വേഡ് സയ്ദ് ഇങ്ങനെ വിശദീകരിക്കുന്നു: ‘ഒരു ഡിറ്റര്‍ജന്റ് കമ്പനിക്കോ എയര്‍ലൈന്‍ കമ്പനിക്കോ കൂടുതല്‍ മാര്‍ക്കറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഇന്നത്തെ പരസ്യ വിദഗ്ദ്ധ (ന്‍) അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധ (ന്‍), ഗ്രാംഷിയുടെ അഭിപ്രായത്തില്‍ ജൈവ ബുദ്ധിജീവിയായി കണക്കാക്കപ്പെടണം – ഒരു ജനാധിപത്യ സമൂഹത്തില്‍ സാദ്ധ്യ ഇടപാടുകാരുടെ സമ്മതി നേടിയെടുക്കാന്‍, അംഗീകാരം പിടിച്ചുപറ്റാന്‍, ഉപഭോക്താവിന്റെ അല്ലെങ്കില്‍ വോട്ടറുടെ അഭിപ്രായം വിന്യസിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ തന്നെ.
ജൈവ ബുദ്ധിജീവികള്‍ സമൂഹത്തില്‍ സജീവ പങ്കാളികളാണെന്ന്, അതായത്, മനസ്സുകളെ മാറ്റിത്തീര്‍ക്കാനും മാര്‍ക്കറ്റുകളെ വിശാലമാക്കാനും അവര്‍ നിരന്തരം പൊരുതുന്നുവെന്ന് ഗ്രാംഷി വിശ്വസിച്ചു;മിക്കവാറും സ്വസ്ഥാനത്ത് ശേഷിച്ചു കൊണ്ട് വര്‍ഷാവര്‍ഷം ഒരേ പണി ചെയ്യുന്നതായി കാണപ്പെടുന്ന അധ്യാപകരില്‍ നിന്നും പുരോഹിതരില്‍ നിന്നും വ്യത്യസ്തമായി ജൈവ ബുദ്ധിജീവികള്‍ സദാ മുന്നേറുന്നതിനും പുതു സമ്പാദനത്തിനും പ്രവണരാണെന്നും.(എഡ്വേഡ് സയ്ദ്, ബുദ്ധിജീവി :പ്രതിനിധാനങ്ങള്‍ – പുറം.20)
ജൈവ ബുദ്ധിജീവികളെപ്പറ്റി ഗ്രാംഷി എട്ടു പതിറ്റാണ്ടു മുമ്പ് നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ച് എഡ്വേഡ് സയ്ദ് വിശദീകരിക്കുന്നതിനിടെ, പുതിയ തൊഴില്‍ മേഖലകളില്‍ പെട്ട അക്കാദമിക് പ്രൊഫഷണലുകള്‍, കംപ്യുട്ടര്‍ വിദഗ്ദ്ധര്‍, സ്‌പോട്‌സ് മാധ്യമ നിയമജ്ഞര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍, നയവിദഗ്ദ്ധര്‍, ഗവണ്‍മെന്റ് ഉപദേശകര്‍ ,വിദഗ്ദ്ധ വിപണിറിപ്പോര്‍ട്ടറുകളുടെ രചനാകര്‍ത്താക്കള്‍, ഒപ്പം ആധുനിക ബഹുജന മാധ്യമ ജേര്‍ണലിസത്തിന്റെ മുഴുവന്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയെല്ലാം ജൈവ ബുദ്ധിജീവികളില്‍ ഉള്‍പ്പെടുത്തുന്നു. (ബുദ്ധിജീവി :പ്രതിനിധാനങ്ങള്‍. പുറം. 24)
ദാര്‍ശനികനായ മിഷേല്‍ ഫൂക്കോ, ജീന്‍ പോള്‍ സാര്‍ത്രിയെക്കുറിച്ച് എഴുതിയപ്പോള്‍ ‘സവിശേഷ ബുദ്ധിജീവി ‘ എന്നൊരു പരികല്‍പ്പന ഉപയോഗിച്ചതായി കാണാം. ഒരു വിജ്ഞാനശാഖയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാള്‍, ഒപ്പം തന്റെ വൈദഗ്ദ്ധ്യം കേവലം സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും കഴിയുന്ന ഒരാള്‍, എന്നൊക്കെയാണ് ഫൂക്കോ സവിശേഷ ബുദ്ധിജീവിയെ പരിചയപ്പെടുത്തുന്നത്.(Michel Foucault,Power Knowledge: Selected interviews and other writings, 1972-1977,ed.ColinNew York,Pantheon 1980)p.127-28)
പിണറായി വിജയന്‍, വി.ഡി. സതീശന്‍, കുഞ്ഞാലിക്കുട്ടി
ഇത്തരത്തില്‍, ബുദ്ധിജീവികളെ പലതരക്കാരായി അടയാളപ്പെടുത്തുന്ന നിരവധി ‘ബുദ്ധിജീവി ‘ പOനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ സൂക്ഷിച്ചു നോക്കിയാല്‍ ഇന്നത്തെ എല്ലാ മനുഷ്യരും ഏതെങ്കിലും ബുദ്ധിജീവി ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്. അതിനാല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, പിണറായി വിജയനെ ജൈവ ബുദ്ധി എന്നു വിശേഷിപ്പിച്ചതില്‍ ഒരു പാകപ്പിഴയുമില്ല. ഗ്രാംഷിയന്‍ പരികല്‍പ്പനയനുസരിച്ച് പിണറായി വിജയന്‍ മാത്രമല്ല, വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയുമെല്ലാം ബുദ്ധിജീവികളാണ്. വേണമെങ്കില്‍, പിണറായി ജൈവ ബുദ്ധിജീവിയാണോ പാരമ്പര്യ ബുദ്ധിജീവിയാണോ എന്നൊക്കെ തര്‍ക്കിക്കാം; അത്ര മാത്രം.
ആര്‍. ബിന്ദുവിന്റെ ജൈവ ബുദ്ധിജീവി പ്രയോഗത്തിനു ശേഷം വന്ന സോഷ്യല്‍ മീഡിയ കമന്റുകളും ട്രോളുകളുമൊക്കെ രസകരമാണ്. നല്ല വായനയും നിരീക്ഷണ പാടവവുമുള്ള എന്റെ നാട്ടുകാരനായ ഒരു സുഹൃത്ത് ഒരു വാട്‌സ് അപ്പ് ചര്‍ച്ചയില്‍ ഉന്നയിച്ച ചോദ്യം ഏറെ ഏറെ രസകരമായി തോന്നി: ‘Organic [ ജൈവ ] പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ ,പ്രകൃതി വെളിച്ചെണ്ണ പോലെ, രാസപദാര്‍ത്ഥമായ സള്‍ഫര്‍ ഉപയോഗിക്കാതെ ഉണക്കിയെടുക്കുന്ന കൊപ്രകളാല്‍ നിര്‍മ്മിക്കുന്ന ജൈവ വെളിച്ചെണ്ണയൊക്കെയുണ്ട് അതു പോലെയുള്ള സാധനമാണോ ഈ ജൈവ ബുദ്ധി…?’
ഈ സംശയം സോഷ്യല്‍ മീഡിയയില്‍ പലവിധത്തില്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ , ഇത്തരമൊരു സന്ദേഹത്തിനു പിന്നില്‍ രണ്ടു പദപ്രയോഗങ്ങളുടെ മലയാള പരിഭാഷ കാരണമായിട്ടുണ്ടെന്ന് കാണാം. Intellectual എന്ന ഇംഗ്ലീഷ് പദത്തിന് ബുദ്ധിജീവി എന്നര്‍ത്ഥം നല്‍കിയതും Organic Intellectual നു ജൈവ ബുദ്ധിജീവി എന്നര്‍ത്ഥം നല്‍കിയതുമാണത്.
ബുദ്ധിജീവി എന്നത് ഒരു പരിഹാസപ്രയോഗമായും ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്. താടിയും മുടിയും നീട്ടിയ, ദുരൂഹവും ദുര്‍ഗ്രാഹ്യവുമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന, ഒരു പ്രത്യേക രൂപഭാവത്തോടു കൂടി നടക്കുന്നവരെ വിശേഷിപ്പിക്കുന്ന പദം കൂടിയാണ് ബുദ്ധിജീവി എന്നത് . ബുദ്ധിജീവിപട്ടം പതിച്ചു കിട്ടാന്‍ ഇത്തരത്തില്‍ വേഷം കെട്ടുന്നവരും ഇല്ലാതെയല്ല. എന്തിനധികം എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങിയാല്‍ ഇത്തരം വേഷഭൂഷാദികളിലേക്ക് രൂപാന്തരം സംഭവിക്കുന്നവരും ഇല്ലാതെയല്ല. ഇത്തരം വേഷം കെട്ടുകളും ബുദ്ധിജീവി പ്രയോഗത്തെ പരിഹാസ്യമാക്കി തീര്‍ക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ചിന്ത രവി
Organic Intellectual എന്ന ഗ്രാംഷിയന്‍ പരികല്‍പ്പനയ്ക്ക് ജൈവബുദ്ധിജീവി എന്ന പരിഭാഷ നല്‍കിയത് ചിന്ത രവിയാണെന്ന് കേട്ടിട്ടുണ്ട് (ഉറപ്പില്ല). ഈ പരിഭാഷയും ഏറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജൈവമെന്ന് കേള്‍ക്കുമ്പോഴേക്ക് ജൈവ പച്ചക്കറിയും പ്രകൃതി വെളിച്ചെണ്ണയും ഓര്‍മ്മ വരും വിധമാണ് മേല്‍ പരിഭാഷ. ശുദ്ധമായത്, കലര്‍പ്പറ്റത് എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന ജൈവവുമായി Organic Intellectual എന്ന പ്രയോഗത്തിന് ബന്ധമുണ്ട് എന്നൊരു തെറ്റിദ്ധാരണയില്‍ ജൈവ ബുദ്ധിജീവി പ്രയോഗം നടത്തുന്നവരുണ്ട്.
മലയാള ഭാഷയില്‍ നാം പ്രയോഗിക്കുന്ന പല സാങ്കേതിക പദങ്ങളും ഫ്രഞ്ചില്‍ നിന്നും ജര്‍മ്മന്‍ ഭാഷയില്‍ നിന്നും മറ്റും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട പദങ്ങളുടെ മലയാള മൊഴി മാറ്റങ്ങളാണ്. അതിനാല്‍ ഗ്രാംഷിയും ദറിദയുമടക്കമുള്ള നിരവധി ദാര്‍ശനികരെ പൂര്‍ണാര്‍ത്ഥത്തിലല്ല നാം ഉള്‍കൊള്ളുന്നത് എന്ന പരിമിതി കാണാതിരുന്നു കൂടാ. ഗ്രാംഷിയാകട്ടെ, ജയില്‍ കുറിപ്പുകള്‍ എഴുതിയത് സ്വയം നിര്‍മ്മിച്ച കോഡ് ഭാഷയിലുമാണ്. അവ ഡീ കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയാണുണ്ടായത്. അതിനാല്‍ ജൈവ ബുദ്ധിജീവി എന്ന മലയാള പ്രയോഗം അത്രമേല്‍ ശരി (correct) യാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
content highlights; Aziz Taruvana writes about the application of Organic Intellectual