സ്വര്‍ണ്ണക്കടത്ത് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം; വിശദീകരണവുമായി അയ്യപ്പദാസ്
Gold Smuggling
സ്വര്‍ണ്ണക്കടത്ത് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം; വിശദീകരണവുമായി അയ്യപ്പദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 8:48 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതില്‍ വിശദീകരണവുമായി മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അയ്യപ്പദാസ്. ദുബായില്‍ വച്ചാണ് പ്രതിയുമായി കണ്ടതെന്നാണ് അയ്യപ്പദാസിന്റെ വിശദീകരണം.

എന്നാല്‍ ഇയാളുമായി ബന്ധമില്ലെന്നും അയ്യപ്പദാസ് പറയുന്നു.

‘പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേര്‍ പരിചയപ്പെടാന്‍ വന്നു, നിരവധി പേര്‍ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാന്‍ നിരവധി ഫോട്ടോകള്‍ക്ക് സമ്മതിക്കുകയും ചെയ്തു.ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓര്‍ക്കുന്നില്ല’, അയ്യപ്പദാസ് പറഞ്ഞു.

കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതി മുഹമ്മദ് ഷാഫിയുമായി മാധ്യമപ്രവര്‍ത്തകരായ അയ്യപ്പദാസും സ്മൃതി പരുത്തിക്കാടും നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വര്‍ണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാന്‍ നില്‍ക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങള്‍ വരുത്തി വാര്‍ത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതായും അറിഞ്ഞു.

അതില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷന്‍ പരിപാടിയുടെ ഒരാഘോഷ വേളയില്‍ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായില്‍ വച്ച് പങ്കെടുത്തു. (ചിത്രങ്ങള്‍ താഴെ). ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖര്‍ അതിഥികളായി. മാധ്യമ പ്രവര്‍ത്തകരായി എന്നെയും സ്മൃതി പരുത്തിക്കാടിനെയും ടി എം ഹര്‍ഷനെയും ക്ഷണിച്ചു. ഒരത്യാവശ്യം മൂലം ഹര്‍ഷന് വരാനായില്ല.

പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേര്‍ പരിചയപ്പെടാന്‍ വന്നു, നിരവധി പേര്‍ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാന്‍ നിരവധി ഫോട്ടോകള്‍ക്ക് സമ്മതിക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓര്‍ക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതില്‍ കൂടുതല്‍ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാര്‍ത്താ പരിപാടികള്‍ക്കും അല്ലാതെയുമായി പോകുമ്പോള്‍ പരിചയപ്പെടുന്നവരില്‍ മിക്കവാറും പേരെ പിന്നീട് ഓര്‍ക്കാറുമില്ല, പേരുപോലും.

എന്നെ അറിയുകയും സ്‌നേഹിക്കുകയും ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കു വേണ്ടിയാണ് ഈ പറച്ചില്‍

തെറ്റിദ്ധരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അറിയിക്കട്ടെ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ