വാഷിംഗ്ടണ്‍: അമേരിക്കന്‍ പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊവിഡ് രോഗമുക്തി നേടിയ ആളായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ബുധനാഴ്ച പുറത്തുവിട്ട സമ്പൂര്‍ണ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ജോര്‍ജ് കൊവിഡ് മുക്തനായിരുന്നെന്ന് പ്രതിപാദിക്കുന്നത്.
ഏപ്രില്‍ 3നായിരുന്നു ജോര്‍ജ് ഫ്‌ളോയിഡിന് കൊവിഡ് സ്ഥിരീകരിച്ചതെന്നന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 46കാരനായ ജോര്‍ജിന്റെ മരണത്തിന് കാരണം പൊലീസുകാരന്‍ പുറത്തും കഴുത്തിലും ഞെരിച്ചമര്‍ത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്ന് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ നേരത്തെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഫ്‌ളോയിഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ജോര്‍ജിന്റെ പുറത്തും കഴുത്തിലും പൊലീസുകാരന്‍ ഞരിച്ചമര്‍ത്തിയതിനാല്‍ ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.
രക്തസമ്മര്‍ദ്ദവും ഫെന്റനില്‍, മെത്താംഫെന്റാമിന്‍ എന്നീ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇത് ഫ്‌ളോയിഡിന്റെ മരണത്തെ ലഘൂകരിച്ച് കാണാനും കേസിനെ വഴിതിരിച്ചു വിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.
ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മിനിയാപോളീസ് സെനേറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്.