ബസ്റ്റര്‍: ആദിവാസി നേതാവ് സോണി സോറിയ്ക്കുനേരെ ആസിഡ് ആക്രമണം. മൂന്നുപേര്‍ സോണി സോറിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
മുഖത്തേക്ക് ആസിഡ് പോലുള്ള വസ്തുക്കള്‍ എറിയുകയായിരുന്നു. പൊള്ളലേറ്റ സോണി സോറിയെ ഗീഡം ആശുപത്രിയിലേക്കും അവിടെ നിന്നും ജദല്‍പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ശനിയാഴ്ച വൈകുന്നേരം ഛത്തീസ്ഗഢിലെ ദന്ദേവാഡ ജില്ലയില്‍വെച്ചാണ് സോണി സോറിക്കുനേരെ ആക്രമണമുണ്ടായത്.
ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സോണി സോറിയ്‌ക്കെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ചിലര്‍ അവരുടെ വീട് നശിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം സ്ഥലത്തെത്തിയ പോലീസ് സോണി സോറിയുടെ വീട് കയ്യേറ്റഭൂമിയാണെന്നും ഉടന്‍ ഒഴിഞ്ഞുപോകണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. പ്രദേശത്തെ മറ്റുവീടുകളില്‍ ഒന്നും താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പട്ടയം അനുവദിച്ചിട്ടില്ല എന്നിരിക്കെയാണ് സോണി സോറിയെ മാത്രം പുറത്താക്കിയത്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന സോണി സോറിയ്ക്ക് മികച്ച ചികിത്സ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ബസ്റ്റര്‍ കലക്ടറെയും ബസ്റ്റര്‍ എസ്.പിയെയും വിളിച്ച് ഇക്കാര്യം ആവശ്യപ്പെടാനാണ് നിര്‍ദേശം.
അമിത് കതാരിയ, ബസ്റ്റര്‍ കലക്ടര്‍ 0925580306, ആര്‍.എന്‍ ദാഷ്, എസ്.പി, ബസ്റ്റര്‍, 919479194003 എന്നീ നമ്പറുകളില്‍ വിളിച്ച് സോണിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നിര്‍ദേശം.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ബസ്തറിലെ പാവപ്പെട്ട ആദിവാസികളെ ഉപദ്രവിക്കുന്ന സുരക്ഷാസേനയുടെ നടപടികളെ സോണി തുറന്ന് എതിര്‍ത്തിരുന്നു. ഫെബ്രുവരി 16ന് ബസ്തര്‍ പൊലീസ് മേധാവി എസ്ആര്‍പി കല്ലൂരിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നെങ്കിലും സോണിയുടെ പരാതി പൊലീസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്തില്ല.