Daily News
ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; പ്രതിഷേധവുമായി നൂറ് കണക്കിന് ദളിതര്‍ പൊലീസ് സ്റ്റേഷനലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 24, 03:33 am
Sunday, 24th September 2017, 9:03 am

 

വാറങ്കല്‍ : പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍, അംബേദ്കര്‍ സ്‌ക്വയറില്‍ സംഘടിച്ച 200 ഓളം ആളുകള്‍ കാര്‍ തടഞ്ഞ് അദ്ദേഹത്തിനു നേരെ കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് ഡ്രൈവര്‍ കാര്‍ തിരിച്ചു വിട്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ കാഞ്ച വധശ്രമത്തിന് പരാതി നല്‍കി. അതേസമയം കാഞ്ചയെ ആക്രമിച്ചതറിഞ്ഞ് നൂറിലധികം ദളിതരാണ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. ആക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ദളിതരെ കൂടാതെ വൈശ്യരും പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി. രണ്ട് വിഭാഗവും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും ഇത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. പൊലീസ് വളരെ കഷ്ടപ്പെട്ടാണ് ഇരു വിഭാഗത്തെയും നിയന്ത്രിച്ചത്.


Also Read: അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എം.പി, വീഡിയോ കാണാം


” വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍” എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നെണ്ടെന്നു പറഞ്ഞാണ് കാഞ്ച ആക്രമിക്കപ്പെട്ടത്. തങ്ങളെക്കുറിച്ച് മോശമായി എഴുതിയ കാഞ്ചയെ തൂക്കിക്കൊല്ലണമെന്ന ആവശ്യമുന്നയിച്ചാണ് വൈശ്യര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത്.

നേരത്തെ, തന്നെ അപായപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവചിച്ചാല്‍ “ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം” ആയിരിക്കും ഉത്തരവാദികളെന്നും ഐലയ്യ പറഞ്ഞിരുന്നു.

ഭീഷണി മുഴക്കുന്നവര്‍ തന്റെ നാവരിയുമെന്ന് പറഞ്ഞതായും കാഞ്ച ഐലയ്യ പറഞ്ഞിരുന്നു. കാഞ്ച ഐലയ്യക്കെതിരെ ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം തലവന്‍ കെ. രാമകൃഷ്ണ ടി.വി ചാനലിലൂടെ രംഗത്തെത്തിയിരുന്നു.